ഫൈസറിനെക്കാൾ മോഡേണ വാക്സിന് കൂടുതൽ പ്രതിരോധ ശേഷിയെന്ന് അമേരിക്കൻ പഠനം

0
1491

ദുബൈ: ഫൈസർ കൊവിഡ് വാക്സിനെക്കാൾ മോഡേണ വാക്സിന് കൊവിഡിനെ പ്രതിരോധിക്കാൻ കൂടുതൽ ശേഷിയെന്ന് അമേരിക്കൻ പഠനം. അമേരിക്കൻ സെന്റർ ഫോർ പ്രിവന്റീവ് ഡിസീസ് കൺട്രോൾ ഗവേഷകർ നടത്തിയ പഠനത്തിലാണ് കൊറോണ വൈറസിനെതിരായ ഫൈസർ വാക്സിനുമായി താരതമ്യപ്പെടുത്തുമ്പോൾ മോഡേണ കൊവിഡ് വാക്സിന് ദീർഘകാലത്തേക്ക് ശരീരത്തിന് കൂടുതൽ സംരക്ഷണവും പ്രതിരോധവും നൽകാൻ കഴിയുമെന്ന് വ്യക്തമാകുന്നത്.

വാക്സിൻ സ്വീകരിച്ചവരിൽ വീണ്ടും കൊവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ കണക്കുകൾ നിരത്തിയാണ് പഠനം ഇത് വ്യക്തമാക്കുന്നത്. കൊറോണ ബാധിക്കുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്ത 3,500 ലധികം ആളുകളിൽ 20% ആളുകളും ഫൈസർ വാക്സിൻ കുത്തിവെപ്പ്  സ്വീകരിച്ചവരുമായിരുന്നു. എന്നാൽ, 12.9% ആളുകൾ മാത്രമാണ് മോഡേണ വാക്സിൻ  കുത്തിവെച്ചിരുന്നവരെന്ന് സ്കൈ ന്യൂസ്സ് റിപ്പോർട്ട് ചെയ്യുന്നു.

കൂടാതെ, മോഡേണ വാക്സിൻ ആശുപത്രി പ്രവേശനം തടയുന്നതിൽ 93% വിജയം കാണുമ്പോൾ ഫൈസർ 88% വും ജോൺസൺ ആൻഡ് ജോൺസൺ 68% ആണ്. വാക്സിനേഷൻ കഴിഞ്ഞ് ആദ്യ രണ്ട് ആഴ്ചകളിൽ ഫൈസർ വാക്സിൻ 77% ആയും മോഡേണ 92% ആയുമായാണ് കുറഞ്ഞത്. രണ്ട് ഡോസുകൾക്കിടയിലുള്ള സമയ ഇടവേള മൂലമാകാം ഫൈസറിനേക്കാൾ മോഡേണ വാക്സിൻ കൂടുതൽ പ്രതിരോധ ശേഷി കൈവരിക്കുന്നതിന്റെ കാരണമെന്നാണ് നിഗമനം. മോഡേണയ്ക്ക് 4 ആഴ്ചകളാണ് രണ്ട് ഡോസുകൾക്കിടയിൽ സമയം ക്രമീകരിച്ചിരിക്കുന്നത്. അതേസമയം, രണ്ട് ഡോസുകൾക്കിടയിൽ 3 ആഴ്ച സമയമാണ് ഫൈസർ ആവശ്യപ്പെടുന്നത്.