ദമാം: രണ്ട് ഡോസ് കുത്തിവയ്പ് എടുത്തിട്ടുള്ള 18 വയസ്സിന് താഴെയുള്ളവർക്ക് കിംഗ് ഫഹദ് കോസ് വേ വഴി ബഹ്റൈനിലേക്ക് യാത്ര ചെയ്യാൻ അനുവദിക്കുന്നതിനുള്ള തീരുമാനം ഉടൻ പ്രഖ്യാപിക്കും. രണ്ട് ഡോസ് വാക്സിൻ കുത്തിവയ്പ്പുകാരുടെ എണ്ണത്തിലുണ്ടായ വർദ്ധനവും സഊദി, ബഹ്റൈൻ രാജ്യങ്ങളിൽ കൊറോണ കേസുകൾ കുറയുന്നതും കണക്കിലെടുത്താണ് ഇത് പ്രാബല്യത്തിൽ വരുത്താനുള്ള ശ്രമങ്ങൾ നടക്കുന്നതെന്ന് ഉറവിടങ്ങൾ സൂചിപ്പിച്ചു. സഊദിയിലെ കൊറോണ വൈറസ് നിയന്ത്രണ കമ്മിറ്റി കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ടും ഇതിനെ പിന്തുണക്കുന്നുണ്ട്.
പാസ്‌പോർട്ട് ജനറൽ ഡയറക്ടറേറ്റ് ഇത് സംബന്ധിച്ച് ഉന്നത അധികാരികൾക്ക് അഭ്യർത്ഥന സമർപ്പിച്ചിട്ടുണ്ട്. വരും ആഴ്ചകളിൽ ഇത് അംഗീകരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതെന്ന് സഊദി പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്തു.
കൊറോണ ഡോസുകൾ പൂർത്തിയാക്കിയ പ്രതിരോധശേഷി വീണ്ടെടുത്ത 18 വയസ്സിന് മുകളിലുള്ളവർക്ക് മാത്രമായി ബഹ്റൈനിലേക്ക് കോസ്‌വേ വഴിയുള്ള യാത്ര പരിമിതപ്പെടുത്താൻ ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ മേയിലാണ് തീരുമാനിച്ചത്.