F1 ഇവന്റിന് മുന്നോടിയായി ഫോർമുല വൺ കാറിന്റെ ലോകത്തിലെ ഏറ്റവും വലിയ രൂപം നിർമ്മിക്കാനൊരുങ്ങി സഊദി

0
1183

റിയാദ്: സഊദി അറേബ്യയിൽ ആദ്യമായി നടക്കുന്ന എഫ് 1 കാർ റേസിന് മുന്നോടിയായി ഫോർമുല വൺ കാറിന്റെ ലോകത്തിലെ ഏറ്റവും വലിയ രൂപം നിർമ്മിക്കാനുള്ള ഒരുക്കത്തിൽ സഊദി അറേബ്യ. നിലവിലുള്ള ലോക റെക്കോർഡ് തകർക്കുന്ന തരത്തിലുള്ള ഭീമൻ ഫോർമുല വൺ കാർ രൂപമാണ് നിർമ്മിക്കുന്നത്. അരലക്ഷത്തിലധികം വിവിധ വർണ്ണങ്ങളിൽ ഉള്ള ലെഗോ ബ്രിക്‌സ് (പ്ലാസ്റ്റിക് കട്ടകൾ) ഉപയോഗിച്ചായിരിക്കും നിർമ്മാണം. സഊദി അറേബ്യൻ ഗ്രാൻഡ് പ്രിക്‌സ് പ്രൊമോട്ടർമാരായ സഊദി ഓട്ടോമൊബൈൽ & മോട്ടോർസൈക്കിൾ ഫെഡറേഷൻ (SAMF) ആണ് ഫോർമുല വൺ കാറിന്റെ തനിപ്പകർപ്പ് സൃഷ്ടിക്കാനൊരുങ്ങുന്നത്.

ഫോർമുല വൺ കാറിന്റെ ലെഗോ ബ്രിക്ക് നിർമ്മാണത്തിനുള്ള അസംബ്ലി പ്രക്രിയ ഈ മാസം പതിനഞ്ചിനു ജിദ്ദയിലെ റെഡ് സീ മാളിലായിരിക്കും നടക്കുക. മക്ക പ്രവിശ്യ ഗവർണറുടെ ഉപദേഷ്ടാവും ജിദ്ദയിലെ ആക്ടിംഗ് ഗവർണറുമായ പ്രിൻസ് സഊദ് ബിൻ അബ്ദുള്ളാഹ് അൽ ജലവി, ഓട്ടോമൊബൈൽ & മോട്ടോർസൈക്കിൾ ഫെഡറേഷൻ (SAMF) പ്രസിഡന്റ് ഖാലിദ് ബിൻ സുൽത്താൻ അൽ അബ്ദുള്ള അൽ ഫൈസൽ രാജകുമാരൻ എന്നിവർ ഉദ്ഘാടനം ചെയ്യും. ഏകദേശം ഒരാഴ്ച സമയമെടുത്താണ് പൂർത്തീകരണം. സഊദി ദേശീയ ദിനമായ സെപ്റ്റംബർ 23 നായിരിക്കും നിർമ്മാണം അവസാനിക്കുക. ഗിന്നസ് റെക്കോർഡ് പ്രതിനിധികൾ ലൈവ് സ്ട്രീം വഴി ഫോർമുല 1 കാറിന്റെ ലെഗോ ബ്രിക്ക് നിർമാണം വീക്ഷിക്കും. ഒരു ഫോർമുല വൺ കാറിന്റെ ഏറ്റവും വലിയ ലെഗോ ബ്രിക്ക് നിർമ്മിക്കാനുള്ള പദ്ധതി ഞാൻ വളരെ സന്തോഷത്തോടെ പ്രഖ്യാപിക്കുന്നതായി ഖാലിദ് രാജകുമാരൻ പറഞ്ഞു.

ഇതിൽ നിന്നുള്ള വരുമാനം സഊദി ദേശീയ ചാരിറ്റി പ്രസ്ഥാനമായ ഇഹ്സാനിലേക്കായിരിക്കും നൽകുക. കിംഗ്ഡത്തിലെ ഫോർമുല വൺ ആരാധകർക്ക്  saudiarabiangp.com/en/lego സന്ദർശിച്ച് തത്സമയം വീക്ഷിക്കാം. ഇഹ്സാൻ ചാരിറ്റിയുടെ ഭാഗമാകുന്നതിനു ഓരോ ബ്രിക് വാങ്ങുന്നതിനും സൗകര്യം ഉണ്ട്.

2021 ഫോർമുല വൺ സഊദി അറേബ്യൻ ഗ്രാൻഡ് പ്രിക്സ് റെക്കോർഡുകൾ തകർക്കുന്നതായിരിക്കും. അതിനാൽ, അതിന്റെ ഭാഗമായി മറ്റൊരു റെക്കോർഡ് കൂടി സൃഷ്ടിക്കുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ്, ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയതും വേഗതയേറിയതുമായ സ്ട്രീറ്റ് സർക്യൂട്ടായി ജിദ്ദ കോർണിഷ് സർക്യൂട്ട് ആകുന്നതും ഒരു റെക്കോർഡ് ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സഊദി അറേബ്യയിൽ നടക്കുന്ന ആദ്യ ഗ്രാൻഡ് പ്രിക്സ് ഈ വർഷം ഡിസംബർ 3 മുതൽ 5 വരെ ജിദ്ദ കോർണിഷിലായിരിക്കും നടക്കുക. ഫോർമുല 1 റേസിന്റെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ സ്ട്രീറ്റ് സർക്യൂട്ടും ഏറ്റവും ഉയർന്ന കോണുകളും ഉൾപ്പെടുന്ന ഒരു റെക്കോർഡ് സർക്യൂട്ടാണ് ജിദ്ദ സ്ട്രീറ്റ് ഇതിനായി ഒരുക്കുന്നത്.