കൊവിഡ് വാക്‌സിൻ നിർമ്മാണം ഇനി സഊദിയിൽ, ആസ്ട്രാസെനെക, ഫൈസർ കമ്പനികളുമായി കരാർ ഒപ്പിടും

0
1869

റിയാദ്: കൊവിഡ് വാക്‌സിനുകൾ സഊദിയിൽ നിർമ്മിക്കുന്നതിനായി ആസ്ട്രാസെനെക, ഫൈസർ കമ്പനികളുമായി സഊദി അറേബ്യ കരാർ ഒപ്പിടുന്നു. തദ്ദേശീയമായി കൊറോണ വൈറസ് പ്രതിരോധ കുത്തിവയ്പ്പുകൾക്കുള്ള വാക്സിനുകൾ നിർമ്മിക്കുന്നതിനായി ബ്രിട്ടന്റെ ആസ്ട്രാസെനെക്ക, അമേരിക്കയുടെ ഫൈസർ എന്നീ അന്താരാഷ്ട്ര ഫാർമസ്യൂട്ടിക്കൽ കമ്പനികളുമായി ഇന്ന് (ചൊവ്വാഴ്ച) കരാർ ഒപ്പിടുമെന്ന് ഉറവിടങ്ങൾ വെളിപ്പെടുത്തി. ഇന്ന് ഉദ്ഘാടനം ചെയ്യപ്പെടുന്ന റിയാദ് മെഡിക്കൽ ടെക്നോളജി ഉച്ചകോടിയിലായിരിക്കും ഒപ്പ് വെക്കൽ.

ഇതോടൊപ്പം, ഈ മേഖലകളിൽ സാങ്കേതിക മികവുള്ള നിരവധി അന്താരാഷ്ട്ര കമ്പനികൾ പങ്കെടുക്കുന്ന റിയാദ് മെഡിക്കൽ ടെക്നോളജി ഉച്ചകോടിയിൽ മരുന്ന് നിർമ്മാണ, മെഡിക്കൽ മേഖലയിൽ നിരവധി ധാരണാപത്രം ഒപ്പുവെക്കുമെന്നും ഉറവിടങ്ങൾ സൂചിപ്പിച്ചു.

കൊവിഡിനെതിരെ പോരാടാൻ 2020 ഡിസംബറിലാണ് ഫൈസർ-ബയോൺടെക് വാക്സിൻ രജിസ്റ്റർ ചെയ്യുന്നതിനുള്ള അംഗീകാരം ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി പ്രഖ്യാപിച്ചത്. പിന്നീട് കഴിഞ്ഞ ഫെബ്രുവരിയിൽ അസ്ട്രാസെനെക്ക വാക്സിൻ ഉപയോഗിക്കുന്നതിനും അംഗീകരിച്ചിരുന്നു.