റിയാദ്: ചെറുകിട, ഇടത്തരം സ്ഥാപനങ്ങൾ പ്രതിസന്ധിയിൽ ആണെന്നും ലെവി ഉൾപ്പെടെയുള്ള വ്യവസ്ഥയിൽ മാറ്റം വരണമെന്നും ശൂറ കൗൺസിലിൽ ചർച്ച. ഉയർന്ന ചിലവ് താങ്ങാവുന്നതിലപ്പുറമാണെന്നും ചെറുകിട, ഇടത്തരം സ്ഥാപനങ്ങളെ സാമ്പത്തിക പ്രതിസന്ധിയില്‍ ആക്കിയിരിക്കുകയാണെന്നും ഇക്കാര്യത്തില്‍ ഫലപ്രദമായ ഇടപെടല്‍ നടത്തണമെന്നും കൗൺസിലിൽ ആവശ്യമുയർന്നു. ഇതിനാൽ ലെവി സമ്പ്രദായം ഭേദഗതി ചെയ്യാൻ അംഗങ്ങൾ ആവശ്യപ്പെട്ടു. സംരംഭങ്ങളിലെ പ്രവാസി തൊഴിലാളികൾക്കുള്ള സാമ്പത്തിക പ്രതിസന്ധി പരിഗണിക്കണമെന്ന് ശൂറ കൗൺസിൽ അംഗം ഹസ്സ അൽ-ഖഹ്താനി ആവശ്യപ്പെട്ടു.
ചെറുകിട, ഇടത്തരം സംരംഭങ്ങൾ നേരിടുന്ന വെല്ലുവിളികൾ അവരുടെ മേൽ ചുമത്തപ്പെട്ട സാമ്പത്തിക ബാധ്യതയാണെന്നും ഈ നടപടിക്രമങ്ങൾ അവലോകനം ചെയ്യേണ്ടതതാണെന്നും ശൂറ കൗൺസിൽ അംഗം ഡോ: സുൽത്താന അൽ ബദവിയും ആവശ്യപ്പെട്ടു. സർക്കാർ ഫീസ് വീണ്ടെടുക്കൽ നടപടികളിൽ നിന്ന് എല്ലാ ചെറുകിട, ഇടത്തരം സംരംഭങ്ങളെ 5 വർഷത്തേക്ക് ഒഴിവാക്കണമെന്ന് കൗൺസിൽ അംഗം റിദ അബുനയാൻ ആവശ്യപ്പെട്ടു. സ്ഥാപനങ്ങളിലെ പ്രവാസി തൊഴിലാളികൾക്കുള്ള ലെവി അടക്കമുള്ള ചെലവ് കണക്കാക്കുന്നതിനുള്ള ഫലപ്രദമായ രീതി വികസിപ്പിക്കാൻ അധികാരികളോട് സാമ്പത്തിക, ഊർജ്ജ സമിതി നേരത്തെ ആവശ്യപ്പെട്ടിരുന്നു.




