സ്വകാര്യ മേഖലയിൽ മുഴുവൻ തൊഴിലാളികൾക്കും അടുത്ത വർഷം മുതൽ ഇ-കരാർ നിർബന്ധം

0
5269

റിയാദ്: രാജ്യത്ത് സ്വകാര്യ തൊഴിലാളികൾക്ക് ഇ കരാർ നിർബന്ധമാക്കുന്നു. ‘ഖിവ’ ഇലക്ട്രോണിക് പ്ലാറ്റ്ഫോം വഴി സഊദി ഇതര ജീവനക്കാർക്കുള്ള കരാറുകൾ രേഖപ്പെടുത്താൻ മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം സ്വകാര്യ മേഖല സ്ഥാപനങ്ങൾക്ക് കർശന നിർദേശം നൽകി. അടുത്ത വർഷം മുതൽ ഇ- കരാർ ആയിരിക്കും ഔദ്യോഗിക കരാർ. നേരത്തെ തന്നെ ഇക്കാര്യം മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. ഇതിനായി ഖിവ എന്ന പ്രത്യേക പ്ലാറ്റ്ഫോമും മന്ത്രാലയം രൂപം നൽകിയിരുന്നു. മൂന്ന് മാസങ്ങൾക്ക് ശേഷം, അഥവാ 2022 ആരംഭം മുതൽ വിദേശ ജീവനക്കാർക്കുള്ള പേപ്പർ തൊഴിൽ കരാറുകൾ ലേബർ കോടതികളും മന്ത്രാലയവും അംഗീകരിക്കില്ലെന്ന് തൊഴിൽ സാമൂഹിക വികസന മന്ത്രാലയത്തെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്തു.

ഇലക്ട്രോണിക് കരാറുകൾ വേഗത്തിൽ പ്രാബല്യത്തിൽ വരുത്താനും മന്ത്രാലയം ആവശ്യപ്പെടുകയും ചെയ്തു. അല്ലെങ്കിൽ നിയമപരമായ പിഴകൾ ഈടാക്കുമെന്നും മന്ത്രാലയം അറിയിച്ചു. ഇലക്ട്രോണിക് “ഖിവാ” പ്ലാറ്റ്ഫോമിലൂടെയാണ് തൊഴിൽ കരാർ ചെയ്യേണ്ടത്. മന്ത്രാലയം അടുത്തിടെ ആരംഭിച്ച തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതിയുടെ ഭാഗമായാണ് ഇളക്ട്രോണിക്സ് തൊഴിൽ കരാർ പ്രാബല്യത്തിൽ വരുത്തുന്നത്.

സഊദി തൊഴിൽ സമ്പ്രദായവുമായി പൊരുത്തപ്പെടുന്ന ഒരു ഏകീകൃത ഇലക്ട്രോണിക് തൊഴിൽ കരാർ സൃഷ്ടിക്കുകയും ഖിവ പ്ലാറ്റ്ഫോമിൽ രേഖപ്പെടുത്തുകയും ചെയ്യണമെന്നാണ് മന്ത്രാലയം ആവശ്യപ്പെടുന്നത്. രേഖപ്പെടുത്തിയ തൊഴിൽ കരാറുകൾ തൊഴിൽ സമ്പ്രദായത്തിനും അതിന്റെ എക്സിക്യൂട്ടീവ് നിയന്ത്രണങ്ങൾക്കും അനുസൃതമാണെന്ന് ഉറപ്പുവരുത്തുന്നതിനാണ് ഒരു ഇലക്ട്രോണിക്സ് പ്ലാറ്റ്ഫോമിലേക്ക് മാറുന്നത്.

തൊഴിലുടമയുടെയും ജീവനക്കാരന്റെയും അവകാശങ്ങൾ സംരക്ഷിക്കുക, ജീവനക്കാരന്റെ സ്ഥിരതയെ സഹായിക്കുന്നതിനും ഉൽപാദനക്ഷമത വർദ്ധിപ്പിക്കുന്നതിനും മികച്ച ഒരു തൊഴിൽ അന്തരീക്ഷം നൽകുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ഇ- തൊഴിൽ കരാർ, ജോലി ആരംഭിച്ച തീയതി മുതൽ ആണ് വേണ്ടത്. സ്ഥാപനങ്ങളുടെ പ്രവർത്തന ചട്ടങ്ങൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിനു പുറമേ, കരാർ ഡാറ്റയുടെ സാധുത ഉറപ്പാക്കുകയും തൊഴിൽ തർക്കങ്ങളും പ്രശ്നങ്ങളും കുറയ്ക്കുകയും ഇത് ലക്ഷ്യമിടുന്നുണ്ട്.