1,700 കോടിയോളം റിയാല്‍ കള്ളപ്പണം വെളുപ്പിച്ച കേസിൽ വിദേശികൾ ഉൾപ്പെടെ 24 അംഗ സംഘത്തിന് 20 വർഷം തടവും നാട് കടത്താനും വിധി

0
2764

റിയാദ്: പണം വെളുപ്പിക്കല്‍ കേസിൽ 24 പേരെ റിയാദ് അപ്പീല്‍ കോടതി ശിക്ഷിച്ചു. 1,700 കോടിയോളം റിയാല്‍ വെളുപ്പിച്ചതായി കണ്ടെത്തിയ കേസിൽ സഊദി പൗരന്മാരും വിദേശികളും അടങ്ങിയ സംഘത്തെയാണ് കോടതി 20 വർഷം വരെ തടവ് ശിക്ഷ വിധിച്ചത്. കുറ്റകൃത്യത്തിലെ പങ്കിനനുസരിച്ച് പ്രതികള്‍ക്ക് വ്യത്യസ്ത കാലത്തേക്കുള്ള തടവു ശിക്ഷകളാണ് കോടതി വിധിച്ചത്. കൂടാതെ, കേസിൽ ശിക്ഷിക്കപ്പെട്ട സഊദി പൗരന്മാർക്ക് അവരുടെ ശിക്ഷകൾക്ക് സമാനമായ കാലയളവുകളിൽ വിദേശ യാത്ര വിലക്കും വിദേശികളെ നാടുകടത്തുന്നതിനും കോടതി വിധിച്ചു.

പ്രതികൾക്ക് കോടതി 75 ദശലക്ഷത്തിലധികം റിയാൽ പിഴ ഈടാക്കുകയും കോടിക്കണക്കിന് റിയാൽ കണക്കാക്കപ്പെടുന്ന കുറ്റകൃത്യത്തിന് വിധേയമായ എല്ലാ തുകയും കണ്ടുകെട്ടുകയും ചെയ്തിട്ടുണ്ട്. ഫാക്ടറികൾക്കും കമ്പനികൾക്കും സ്ഥാപനങ്ങൾക്കും മെഡിക്കൽ ക്ലിനിക്കുകൾക്കും ഇടയിലെ വാണിജ്യ സൗകര്യങ്ങളുടെ മറവിലാണ് സംഘം പണം വെളുപ്പിച്ചത്. കള്ളപ്പണം വെളുപ്പിക്കുന്നതിനും ഈ കുറ്റകൃത്യത്തിൽ പങ്കെടുക്കുന്നതിനും ഫണ്ട് ശേഖരിക്കുന്നതിനും നിക്ഷേപിക്കുന്നതിനും ഈ കുറ്റകൃത്യം നടത്താൻ വിദേശത്തേക്ക് മാറ്റുന്നതിനും പ്രതികളിൽ ഓരോരുത്തർക്കും വ്യത്യസ്തമായ റോളുകൾ ആയിരിന്നു.

കള്ളപ്പണം വെളുപ്പിക്കൽ പ്രവർത്തനങ്ങൾ അറിഞ്ഞിട്ടും റിപ്പോർട്ട് ചെയ്യാത്തതിനും കൈക്കൂലി കുറ്റകൃത്യത്തിന് പുറമേ കുറ്റകൃത്യം ചെയ്യാൻ സമ്മതിക്കുകയും സഹായിക്കുകയും ഉപദേശിക്കുകയും ചെയ്തതിനും കോടതി ശിക്ഷിച്ചു.