ഇഖാമയിലെ ജോലിയല്ലാതെ പുറത്തു ജോലി ചെയ്യുന്നവർ ജാഗ്രതൈ!, നിയമ ലംഘകർക്കായി പരിശോധന ശക്തം, ഒരാഴ്ചക്കിടെ പിടികൂടിയത് 17,500 ലധികം പേരെ

0
5517

റിയാദ്: സഊദിയിൽ അനധികൃത താമസക്കാരെ കണ്ടെത്താനുള്ള പരിശോധന ശക്തമായി തുടരുന്നു. ഒരാഴ്ചയ്ക്കുള്ളിൽ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ താമസ, തൊഴിൽ, അതിർത്തി, സുരക്ഷാ നിയന്ത്രണ ലംഘകരായ 17,598 പേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സെപ്റ്റംബർ 02 മുതൽ സെപ്റ്റംബർ 09 വരെയുള്ള കാലയളവിൽ വിവിധ സുരക്ഷാ വിഭാഗങ്ങളും ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ടുകളും (ജവാസാത്ത്) നടത്തിയ സംയുക്ത ഫീൽഡ് പരിശോധനയിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. അറസ്റ്റ്. ഇഖാമയിൽ രേഖപ്പെടുത്തിയ തൊഴിൽ അല്ലാതെ മറ്റു തൊഴിലുകളിൽ ഏർപ്പെട്ട നിരവധി പേരും പിടിയിലായിട്ടുണ്ട്. പുറം ജോലികളിൽ ഏർപ്പെട്ടിരിക്കുന്ന മലയാളികൾ അടക്കം നിരവധി ഹൗസ് ഡ്രൈവർമാരും പിടിയിൽ ആയവരിൽ പെടും.

അറസ്റ്റിലായവരിൽ 6,594 പേർ താമസ നിയമ നിയമലംഘകരും, 9,229 പേർ അതിർത്തി നിയമലംഘകരും, 1,775 ലധികം പേർ തൊഴിൽ നിയമ ലംഘകരുമാണ്. രാജ്യത്തേക്ക് അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ മൊത്തം 202 പേരെ അറസ്റ്റ് ചെയ്തതിൽ 48 ശതമാനം യെമൻ പൗരന്മാർ, 49 ശതമാനം എത്യോപ്യക്കാർ, 3 ശതമാനം മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവർ എന്നിങ്ങനെയാണ്. 21 പേർ അതിർത്തി കടന്ന് രക്ഷപ്പെടാൻ ശ്രമിച്ചതിനും നിയമലംഘകരെ കടത്തിവിടുകയും അഭയം നൽകുകയും ചെയ്ത 12 പേരെയും സുരക്ഷാ സേന അറസ്റ്റ് ചെയ്തു.

നിലവിൽ ശിക്ഷാനടപടികൾക്ക് വിധേയരായ 83,118 പേരിൽ 71,456 പേർ പുരുഷൻമാരും 11,662 സ്ത്രീകളും ആണ്. ഇവരിൽ 65,186 നിയമലംഘകരുടെ കേസുകൾ അവരവരുടെ എംബസികളിലേക്ക് തുടർ നടപടികൾക്കായി കൈമാറിയിട്ടുണ്ട്. 9,421 പേരെ നാട് കടത്തുകയും 3,227 പേരുടെ യാത്രാ നടപടികൾ പൂർത്തിയാവുകയും ചെയ്തിട്ടുണ്ട്.

അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ച് ആർക്കെങ്കിലും രാജ്യത്തേക്ക് പ്രവേശിക്കാൻ സൗകര്യം ചെയ്തുകൊടുക്കുകയോ അല്ലെങ്കിൽ അദ്ദേഹത്തിന് ഗതാഗതമോ പാർപ്പിടമോ എന്തെങ്കിലും സഹായമോ സേവനമോ നൽകുകയോ ചെയ്താൽ പരമാവധി 15 വർഷം വരെ തടവ് ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. കൂടാതെ, ഒരു ദശലക്ഷം വരെ പിഴ, വാഹനങ്ങൾ അഭയം നൽകിയ സ്ഥലം എന്നിവ കണ്ടുകെട്ടൽ എന്നീ നടപടികൾ ഇവർക്കെതിരെ സ്വീകരിക്കുമെന്നും അവരുടെ പേരുകൾ പ്രാദേശിക മാധ്യമങ്ങളിൽ വെളിപ്പെടുത്തുമെന്നും മുന്നറിയിപ്പുണ്ട്.