ഇന്ത്യയിൽ നിന്ന് വാക്‌സിൻ എടുത്തവർക്ക് സഊദിയിലേക്ക് ഉടൻ നേരിട്ട് മടക്കം ഉണ്ടാകില്ല

നിലവിലെ സാഹചര്യത്തിൽ ഇനി ചെയ്യേണ്ടത് ഇക്കാര്യം

0
13281

റിയാദ്: സഊദിക്ക് പുറത്ത് നിന്ന് രണ്ടു ഡോസ് വാക്സിൻ എടുത്ത വിദേശികൾക്ക് സഊദിയിലേക്ക് ഉടൻ നേരിട്ട് പ്രവേശന അനുമതി നൽകില്ല. ഘട്ടം ഘട്ടമായി സഊദിയിലേക്ക് എല്ലാവർക്കും നേരിട്ട് പ്രവേശനം അനുവദിക്കാനുള്ള തീരുമാനാമാണ് സഊദി കൈക്കൊണ്ടതെങ്കിലും നിലവിലെ സാഹചര്യത്തിൽ ഇത്തരക്കാർക്ക് നേരിട്ട് അനുമതി നൽകിയേക്കില്ലായെന്നാണ് സൂചന. പ്രവേശന വിലക്കുള്ള ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ളവർക്ക് നവംബർ വരെ സൗജന്യമായി ഇഖാമയും റീ എൻട്രിയും നീട്ടി നൽകിയത് ഇതാണ് സൂചിപ്പിക്കുന്നത്. എങ്കിലും, ഇഖാമ കാലാവധിയും റി എൻട്രി കാലാവധിയും വിസിറ്റിംഗ് വിസ കാലാവധിയും വീണ്ടും നീട്ടി നൽകാനുള്ള ഭരണാധികാരി സൽമാൻ രാജാവിൻ്റെ ഉത്തരവ് നാട്ടിൽ കുടുങ്ങിയ നിരവധി പ്രവാസികൾക്ക് വലിയ ആശ്വാസമാണ് സമ്മാനിക്കുന്നത്. നിലവിൽ സെപ്തംബർ വരെ നീട്ടി ലഭിച്ചവർക്കും ലഭിക്കാത്തവർക്കും ഇതിന്റെ ഗുണം ലഭിക്കും.

നേരത്തെ നൽകിയ സൗജന്യ പുതുക്കൽ ഈ മാസം അവസാനം വരെയായിരുന്നു. അതിന്റെ സമയ പരിധി അവസാനിക്കുന്നതോടെ പ്രവേശന കാര്യത്തിൽ പുതിയ അപ്‌ഡേറ്റ് ഉണ്ടാകുമെന്നായിരുന്നു പ്രവാസികളിൽ ബഹുഭൂരിഭാഗവും കരുതിയിരുന്നത്. ഇക്കാര്യം സൂചിപ്പിച്ച് സ്‌പോൺസർമാർ അയച്ചു തന്നതാണെന്നു പറയുന്ന പല വോയ്‌സ് ക്ലിപ്പുകളും മറ്റും സോഷ്യൽ മീഡിയകളിൽ വ്യാപകമായി ഷെയർ ചെയ്യപ്പെടുകയും ചെയ്‌തിരുന്നു. ജവാസാത്തിൽ നിന്നും മറ്റു കേന്ദ്രങ്ങളിൽ നിന്നും ഇത്തരത്തിൽ സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും അതിനാൽ കാത്തിരിക്കൂ ഉടൻ പ്രഖ്യാപനം വരുമെന്ന് വരെ ചില വോയ്‌സ് ക്ലിപ്പുകളിൽ പറഞ്ഞിരുന്നു. ഇതേറ്റു പിടിച്ച് ചില മലയാളികളും ടിക്ടോക് വീഡിയോകളിൽ ഉടൻ നേരിട്ടുള്ള വിമാന സർവ്വീസ് ഉണ്ടാകുമെന്ന പ്രതീക്ഷ നൽകി വീഡിയോകൾ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. തിയ്യതി വരെ പ്രഖ്യാപിച്ചായിരുന്നു ചില വീഡിയോകൾ.

എന്നാൽ, തത്കാലം നേരിട്ടുള്ള സർവ്വീസ് ഉണ്ടാകില്ലെന്നാണ് ഇന്നലത്തെ റിപ്പോർട്ട് സൂചിപ്പിക്കുന്നത്. രണ്ടു മാസക്കാലത്തേക്കാണ് സൗജന്യമായി ഇഖാമയും റീ എൻട്രിയും നീട്ടി നൽകാൻ ഭരണകൂടം ഉത്തരവിട്ടത്. ഏകദേശം അത്രയും കാലത്തേക്കെങ്കിലും ഇനി നേരിട്ടുള്ള സർവ്വീസ് പ്രതീക്ഷിക്കേണ്ട എന്നാണു ഈ മേഖലയിലെ വിദഗ്‌ധർ നൽകുന്ന സൂചന. അത് വരെ നിലവിലെ അവസ്ഥ, അഥവാ സഊദിയിൽ നിന്ന് രണ്ട ഡോസ് എടുത്ത് റീ എൻട്രിയിൽ വരുന്നവർക്ക് മാത്രമായി പ്രവേശനം തുടരുമെന്നാണ് കരുതേണ്ടത്. യാത്ര ഇനിയും നീളാൻ സാധ്യതയുള്ളതിനാൽ അത്യാവശ്യമുള്ളവർ ഏതെങ്കിലും വഴി പ്രവേശനം നേടാൻ ശ്രമം നടത്തുകയായിരിക്കും നല്ലത്.

നിലവിൽസഊദിയിൽ നിന്നും രണ്ട് ഡോസ് വാക്സിനെടുത്തവർക്കാണ് നേരിട്ട് മടങ്ങാൻ അനുമതിഎന്നതിനാൽ ബാക്കിയുള്ളവർ സഊദി പ്രവേശനത്തിനായി 14 ദിവസത്തെ ക്വാറന്റൈൻ പൂർത്തിയാക്കണം. നിലവിൽ വിവിധ രാജ്യങ്ങൾ വഴി മുൻകാലങ്ങളെ അപേക്ഷിച്ച് കുറഞ്ഞ ചിലവിൽ എത്താനുള്ള മാർഗ്ഗങ്ങൾ നിരവധിയാണ്. നേരിട്ടുള്ള യാത്ര അനന്തമായി നീളുന്നതിനാൽ ഈ സാഹചര്യം ഉപയോഗപെപ്പടുത്താൻ ഇത്തരക്കാർ ശ്രമിക്കുന്നത് ഉചിതമായിരിക്കും.