റിയാദ്: കൊവിഡ് വൈറസിനെതിരെയും വൈറൽ പനിക്കുമെതിരെയും ഉപയോഗിക്കാവുന്ന സിംഗിൾ ഡോസ് വാക്സിനുമായി മോഡേർണ വാക്സിൻ കമ്പനി രംഗത്ത്. കൊറോണ, വൈറൽ പനി എന്നിവയ്ക്കെതിരെ ഉപയോഗിക്കാവുന്ന സംയോജിപ്പിച്ച ഒറ്റ ഡോസ് വാക്സിൻ വികസിപ്പിക്കുന്നതായാണ് അമേരിക്കൻ കമ്പനിയായ മോഡേർണ പ്രഖ്യാപിച്ചത്. കൊറോണ വൈറസിനെതിരായ ബൂസ്റ്റർ ഡോസ് ആയും ഇത് ഉപയോഗിക്കും.
ഇപ്പോൾ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന “MRNA 1073” എന്ന് പേരിട്ടിരിക്കുന്ന പുതിയ വാക്സിൻ കൊറോണ വൈറസ് പ്രതിരോധ വാക്സിന്റെയും ഇൻഫ്ലുവൻസ വാക്സിന്റെയും മിശ്രിതമായിരിക്കുമെന്ന് കമ്പനി വിശദീകരിച്ചു.
മറ്റൊരു അമേരിക്കൻ കമ്പനിയായ നോവാവാക്സും കഴിഞ്ഞ ബുധനാഴ്ച ഇൻഫ്ലുവൻസയ്ക്കും കൊറോണയ്ക്കുമെതിരെയുള്ള സംയുക്ത വാക്സിൻ പരീക്ഷിക്കുന്നതിനായുള്ള ഒരു പ്രാരംഭ പഠനം ആരംഭിച്ചതായി വെളിപ്പെടുത്തിയിരുന്നു.