റിയാദ്: കര, വ്യോമ, കടൽ അതിർത്തികൾ വഴി രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച 11 ലക്ഷത്തിലധികം മയക്കുമരുന്ന് ഗുളികകൾ പിടിച്ചെടുത്തതായി സഊദി സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി വെളിപ്പെടുത്തി. രാജ്യത്തേക്കുള്ള ചരക്കുകളിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയ 1,121,722 ക്യാപ്റ്റഗൺ ഗുളികകൾ കടത്താനുള്ള നാല് ശ്രമങ്ങളാണ് സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി (ZTCA) പരാജയപ്പെടുത്തിയത്.
റിയാദിലെ കിംഗ് ഖാലിദ് ഇന്റർനാഷണൽ എയർപോർട്ടിലെ ആദ്യ സംഭവത്തിൽ 112,810 ക്യാപ്റ്റഗൺ ഗുളികകൾ ആണ് പിടിച്ചെടുത്തത്. എയർപോർട്ട് വഴി രാജ്യത്തിലെത്തിയ ഗാർഹിക സാധനങ്ങളുമായെത്തിയെ ചരക്കിലാണ് ഒളിപ്പിച്ച നിലയിൽ ഇവ കണ്ടെടുത്തത്. വാട്ടർ പ്യൂരിഫിക്കേഷൻ ഫിൽട്ടറുകൾ അടങ്ങിയ തപാൽ പാർസലിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയ 80,000 ക്യാപ്റ്റഗൺ ഗുളികകൾ കടത്താനുള്ള മറ്റൊരു ശ്രമവും പരാജയപ്പെടുത്തി. 917,636 ക്യാപ്റ്റഗൺ ഗുളികകൾ കടത്താനുള്ള ശ്രമം ദുബാ പോർട്ട് കസ്റ്റംസും 11,276 ഗുളികകൾ കടത്താനുള്ള മറ്റൊരു ശ്രമം കിംഗ് ഫഹദ് കോസ്‌വേ കസ്റ്റംസും തടഞ്ഞു.
66,312 മദ്യം നിറച്ച കുപ്പികൾ കടത്താനുള്ള 3 ശ്രമങ്ങൾ കഴിഞ്ഞ ആഴ്ച ജിദ്ദ ഇസ്ലാമിക് പോർട്ട്, അൽ-ബത്ഹ അതിർത്തി കടന്നുള്ള അതോറിറ്റി തടഞ്ഞിരുന്നു.
എല്ലാ കള്ളക്കടത്തു ശ്രമങ്ങളും തടയുന്നതിനും പിടികൂടുന്നതിനും പരമാവധി ശ്രമിക്കുമെന്ന് അതോറിറ്റി വ്യക്തമാക്കി. രാജ്യത്തെക്കുള്ള എല്ലാ ഇറക്കുമതികളിലും കസ്റ്റംസ് നിയന്ത്രണം കർശനമാക്കുകയും ചെയ്യുന്നുണ്ടെന്നും എല്ലാ തരത്തിലും കള്ളക്കടത്തിനെതിരായ പോരാട്ടം തുടരുകയാണെന്നും അതോറിറ്റി കൂട്ടിച്ചേർത്തു.