ജിസിസി രാജ്യങ്ങളിലെ കൊവിഡ് മൊബൈൽ ആപുകൾ യുഎഇ യിൽ ഉപയോഗിക്കാം

0
2122

ദുബൈ: ജിസിസി രാജ്യങ്ങളിലെ കൊവിഡ് ആപുകൾ യുഎഇ യിൽ ഉപയോഗിക്കാൻ അനുമതി. വിവിധ ജിസിസി രാജ്യങ്ങളിൽനിന്ന് യുഎഇ യിലേക്ക് വരുന്ന യാത്രക്കാർക്ക് അതത് രാജ്യങ്ങളിലെ കൊവിഡ് ആപ് ഉപയോഗിച്ച് ആരോഗ്യ സ്റ്റാറ്റസ് വെളിപ്പെടുത്താനാണ് അനുമതി നൽകിയിരിക്കുന്നത്. ഗൾഫ് രാജ്യങ്ങളിലെ പ്രവാസികൾക്കും വിവിധ രാജ്യങ്ങളിൽനിന്ന് ബിസിനസ് ആവശ്യത്തിനും മറ്റുമായി യുഎഇയിലേക്ക് വരുന്ന മലയാളികളടക്കമുള്ളവർക്കും തീരുമാനം ഏറെ ഉപകാരപ്പെടും.

ജിസിസി രാജ്യങ്ങൾക്കിടയിലെ യാത്ര സുഗമമാക്കുന്നതിനാണ് തീരുമാനമെന്ന് ദേശീയ ദുരന്തനിവാരണ സമിതി അറിയിച്ചു. വാക്സിനേഷൻ, പി.സി.ആർ പരിശോധനഫലം എന്നിവയുടെ സ്റ്റാറ്റസ് ഇത്തരം ആപ്പുകളിൽ കാണിച്ചാൽ മതിയാകും. യുഎഇയ്ക്ക് പുറത്ത് എടുത്ത വാക്സിനേഷൻ ഡോസുകളും പിസിആർ ടെസ്റ്റുകളും സാധൂകരിക്കാൻ ആപ്പ് ഉപയോഗിക്കും. യുഎഇ യിൽ ഉപയോഗിക്കുന്ന അൽ ഹുസ്ൻ ആപ്പിൽ ഗ്രീൻ സിഗ്നൽ കാണിച്ചാൽ മാത്രം പ്രവേശനം അനുവദിക്കുന്ന സ്ഥലങ്ങളിൽ പോകാനും ഗൾഫ് രാജ്യങ്ങളിലെ ആപ്പുകൾ സ്വീകരിക്കപ്പെടും.

ഇതോടെ യുഎഇ യിലേക്ക് യാത്ര ചെയ്യുന്ന മറ്റു ജിസിസി കളിലുള്ളവർ അൽ ഹുസ്ൻ ആപ് പ്രത്യേകം ഡൗൺലോഡ് ചെയ്ത് അപ്ഡേറ്റ് ചെയ്യേണ്ട സാഹചര്യം ഒഴിവാക്കാനാവും. നിലവിൽ അബൂദബിയിൽ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് മാത്രമാണ് പൊതുയിടങ്ങളിൽ പ്രവേശനമനുവദിച്ചിട്ടുള്ളത്.