റിയാദ്: സഊദിയില്‍ പെട്രോൾ പമ്പിൽ മലയാളി വെടിയേറ്റ സംഭവത്തിലെ പ്രതി പിടിയിൽ. പെട്രോളടിച്ച ശേഷം പണം നല്‍കാതെ പോയത് ചോദ്യം ചെയ്ത കൊല്ലം നെടുമ്പന കുളപ്പാടം സ്വദേശി മുഹമ്മദിനാണ് (27) വെടിയേറ്റത്. റിയാദ് പ്രവിശ്യയിലെ വാദി ദിവാസിറലുള്ള പെട്രോള്‍ പമ്പിലാണ് സംഭവം. പമ്പിലെ താല്‍ക്കാലിക ജീവനക്കാരനായിരുന്നു മുഹമ്മദ്.
പെട്രോളടിച്ച ശേഷം പണം ചോദിച്ച് ചെന്നപ്പോള്‍ കാറുമായെത്തിയ സഊദി പൗരന്‍ വെടിയുതിര്‍ക്കുകയായിരുന്നു. തുടക്ക് വെടിയേറ്റ മുഹമ്മദ് മിലിറ്ററി ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് ശേഷം ചികിത്സയിലാണ്. ആഗസ്റ്റ് 12ന് പുലര്‍ച്ച ആയിരുന്നു സംഭവം.
കാറില്‍ ഫുള്‍ ടാങ്ക് പെട്രോള്‍ അടിച്ച ശേഷം പണം നല്‍കാതെ മുങ്ങാനായിരുന്നു സ്വദേശിയുടെ ശ്രമം. അത് ചെറുക്കാനായി അടുത്തേക്ക് ചെന്ന മുഹമ്മദിനെ തള്ളി താഴെയിട്ടശേഷം കൈയിലുണ്ടായിരുന്ന പണം അപഹരിച്ചു. തുടര്‍ന്ന് കാര്‍ മുന്നോട്ടെടുത്ത് പോയ ശേഷം തിരിച്ചു വന്ന് വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് യുവാവ് പറഞ്ഞു.
വെടിയേറ്റ് 15 മിനിറ്റോളം അവിടെ കിടന്ന ഇയാളെ കുളപ്പാടം സ്വദേശി സിറാജുദ്ദീന്‍ സഖാഫിയും സുഹൃത്തുക്കളും ചേര്‍ന്നാണ് അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
സംഭവത്തിന്റെ ദൃശ്യങ്ങൾ ഇന്ന് ചില അറബ് ഓൺലൈൻ മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. ഇതിന് പിന്നാലേയാണ് പ്രതിയെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചത്. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയ ഇദ്ദേഹം റൂമിൽ വിശ്രമത്തിലാണ്.