സഊദിയിൽ നിന്നെത്തിയ യാത്രക്കാരെ ഹൈവേയിൽ പിന്തുടർന്ന് സിനിമ സ്റ്റൈലിൽ പിടികൂടി, പിടിച്ചെടുത്തത് 9 കിലോ സ്വർണ്ണ ബിസ്കറ്റ്

0
4814

ലക്നൗ: സഊദിയിൽ നിന്നെത്തിയ യാത്രക്കാരെ സിനിമ സ്റ്റൈലിൽ പിന്തുടർന്ന് പിടികൂടി പോലീസ്. റിയാദിൽ നിന്ന് ലക്‌നൗവിൽ വിമാനമിറങ്ങിയ രണ്ടംഗ സംഘത്തെയും ഇവർക്ക് സഹായകമായി പ്രവർത്തിച്ചവരെയുമാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഹൈവെയിൽ വാഹനം പിന്തുടർന്ന് പോലീസ് സിനിമ സ്റ്റൈലിൽ തടഞ്ഞു പിടികൂടിയത്. സംഘത്തിന്റെ പക്കൽ നിന്ന് 77 സ്വർണ്ണ ബിസ്കറ്റ് പിടിച്ചെടുത്തതായി പോലീസ് പറഞ്ഞു. ഏകദേശം ഒമ്പത് കിലോ തൂക്കം വരുന്ന സ്വർണ്ണമാണ് പിടികൂടിയത്.

സഊദി തലസ്ഥാനമായ റിയാദിൽ നിന്ന് എത്തുന്ന രണ്ട് യാത്രക്കാർ സ്വർണ്ണ ബിസ്കറ്റുകൾ കടത്തുമെന്ന് വിവരം ലക്നൗവിലെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് ഉദ്യോഗസ്ഥർക്ക് ലഭിച്ചിരുന്നു. ലക്നൗവിലെ ചൗധരി ചരൺ സിംഗ് ഇന്റർനാഷണൽ എയർപോർട്ടിൽ, ബിസ്കറ്റുകൾ മുസാഫർനഗറിലേക്ക് പോകുന്ന ആളുകൾക്ക് കൈമാറുമെന്നായിരുന്നു സന്ദേശം.

വിവരമനുസരിച്ച് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) ലക്നൗ ഉദ്യോഗസ്ഥർ ലക്നൗവിലെത്തി നിരീക്ഷണത്തിലേർപ്പെട്ടു. സ്വർണക്കടത്തുകാർ ഇവിടെ നിന്നും ഒരു വാഹനത്തിൽ യാത്ര ആരംഭിക്കുകയും ചെയ്തു. പിന്നീടായിരുന്നു സിനിമ സ്റ്റൈലിൽ വാഹനങ്ങളെ പിന്തുടർന്നത്. ആഗ്ര-ലക്നൗ എക്‌സ്പ്രസ് വേയിൽ രണ്ട് എസ്‌യുവികളുടെ അതിവേഗ പിന്തുടരലായിരുന്നു പിന്നീട് നടന്നത്.

ഒടുവിൽ ഡിആർഐ ഉദ്യോഗസ്ഥർ വാഹനങ്ങൾ തടഞ്ഞ് വാഹനത്തിലുള്ളവരെ പിടികൂടുകയായിരുന്നു. റിയാദിൽ നിന്നുള്ള രണ്ട് യാത്രക്കാരെയും സ്വീകരിക്കാൻ വന്നവരെയും വാഹനത്തിനകത്ത് കണ്ടെത്തി. തുടർന്ന് നടത്തിയ പരിശോധനയിൽ ഉദ്യോഗസ്ഥർ അവരുടെ ബെൽറ്റിലും അടിവസ്ത്രത്തിൽ നിർമ്മിച്ച പോക്കറ്റുകളിലും ഒളിപ്പിച്ചിരുന്ന 77 സ്വർണ്ണ ബിസ്‌ക്കറ്റുകൾ കണ്ടെടുത്തു.

സ്വർണ്ണ കടത്ത് ആസൂത്രണം ചെയ്ത പ്രധാനിയെ വിശദമായ അന്വേഷണത്തിന് ശേഷം പിന്നീട് ലക്നൗവിൽ അറസ്റ്റ് ചെയ്തു. വിമാനത്താവളത്തിലൂടെ സ്വർണം ലഭിക്കുന്നതിന് കള്ളക്കടത്തുകാരുമായി ഒത്തുചേർന്ന ഒരു കസ്റ്റംസ് ഹവാൽദാറും അറസ്റ്റിലായതായി ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് അറിയിച്ചു.