സുരക്ഷാസേനയെ വധിക്കാൻ പദ്ധതിയിട്ട് പ്രവർത്തിച്ച ഭീകരന്റെ വധ ശിക്ഷ നടപ്പാക്കി

0
1113

റിയാദ്: സുരക്ഷാ സേനയെ ആക്രമിക്കാനുള്ള പദ്ധതികൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി ആയുധങ്ങൾ കടത്താൻ ശ്രമിച്ചയാളുടെ വധശിക്ഷ നടപ്പാക്കിയെന്ന് ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് സഊദി പ്രസ് ഏജൻസി തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തു. സഊദി പൗരനായ അദ്നാൻ ബിൻ മുസ്തഫ അൽ ഷർഫയെയാണ് വധശിക്ഷക്ക് വിധേയനാക്കിയത്. രാജ്യത്തേക്ക് ആയുധങ്ങൾ കടത്തുകയും രാജ്യത്തിന്റെ സുരക്ഷ അസ്ഥിരപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ഒരു തീവ്രവാദ സെല്ലിന്റെ ഭാഗമായിരുന്നു ഇതെന്നും മന്ത്രാലയം അറിയിച്ചു.

ഇയാളുടെ ഭാഗമായ ഭീകര സെല്ലിന് സഊദി അറേബ്യൻ സുരക്ഷാ സേനയെ അവരുടെ ആസ്ഥാനത്ത് ലക്ഷ്യമിട്ട് കൊലപ്പെടുത്താൻ പദ്ധതിയുണ്ടായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥർ അൽ-ഷർഫയെ അറസ്റ്റ് ചെയ്യുകയും അദ്ദേഹത്തിന്റെ കേസ് പ്രത്യേക ക്രിമിനൽ കോടതിയിലേക്ക് റഫർ ചെയ്യുകയും ചെയ്‌തിരുന്നു. അദ്ദേഹത്തിന്റെ കുറ്റകൃത്യത്തിന്റെ തീവ്രതയും തീവ്രവാദ പ്രവർത്തനം നടത്താനുള്ള ലക്ഷ്യവും കാരണം വധശിക്ഷ വിധിച്ചതായി മന്ത്രാലയം അറിയിച്ചു.

പ്രത്യേക കോടതിയും അപ്പീൽ കോടതിയും സുപ്രീം കോടതിയും ഈ വിധി ശരിവച്ചതിന് ശേഷം റോയൽ കോർട്ടും അനുമതി നൽകിയതോടെയാണ്‌ വധശിക്ഷ നടപ്പാക്കിയത്.