കൊവിഡ് മൂലം ഇന്ത്യൻ വ്യോമ മേഖലക്ക് നഷ്ടം 22,400 കോടി രൂപ

0
1595

ന്യൂഡൽഹി: കൊവിഡ് പകർച്ചവ്യാധി മൂലം ഇന്ത്യയിൽ വ്യോമ മേഖലക്ക് നേരിട്ടത് കനത്ത നഷ്ടമെന്ന് കണക്കുകൾ. വ്യോമയാന മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് മാർച്ച് 23 ന് രാജ്യം വിമാന സർവീസുകൾ നിർത്തിവച്ചതിനാൽ 2021 സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ എയർലൈനുകളും എയർപോർട്ടുകളും 22,400 കോടി രൂപയുടെ സാമ്പത്തിക നഷ്ടമാണ് നേരിട്ടത്.

2020 മെയ് മാസത്തിൽ ആഭ്യന്തര എയർലൈൻ പ്രവർത്തനങ്ങൾ പുനരാരംഭിച്ചെങ്കിലും, എയർ ബബിൾ കരാറുകൾക്കും വന്ദേ ഭാരത് ദൗത്യത്തിനും കീഴിലാണ് അന്താരാഷ്ട്ര വിമാനങ്ങൾ പ്രവർത്തിച്ചത്.

മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (AAI) 2019 ഏപ്രിൽ-ജൂൺ കാലയളവിൽ വരുമാനം 2,976.17 കോടിയിൽ നിന്ന് 2021 ഏപ്രിൽ-ജൂൺ കാലയളവിൽ ഏകദേശം 889 കോടി രൂപയായി കുറഞ്ഞു. അതായത് ഇക്കാലയളവിൽ മാത്രം 2,087.17 കോടി രൂപയുടെ ഇടിവാണ് ഉണ്ടായത്.