ദമാം: സഊദിയിലേക്കുള്ള യാത്രക്കിടെ മലയാളി യുവാവിന്റെ യാത്ര മുടങ്ങി. തവക്കൽന ആപ്ലിക്കേഷനിൽ ഇമ്മ്യൂൺ സ്റ്റാറ്റസ് കാണിച്ചു നൽകാൻ സാധിക്കാത്തതിനെ തുടർന്ന് യുവാവിനെ സഊദിയിലേക്ക് യാത്ര ചെയ്യാൻ അനുവദിക്കാതിരിക്കുകയായിരുന്നു. ഇമ്മ്യൂൺ ആയിരുന്നെങ്കിലും തവക്കൽന ആപ് തുറക്കാൻ സാധിക്കാത്തതിനാൽ ഇമ്മ്യൂൺ സ്റ്റാറ്റസോ സ്ക്രീൻ ഷോർട്ടോ കാട്ടി ബോധ്യപ്പെടുത്താൻ കഴിയാത്തതിനെ തുടർന്നാണ് യാത്ര തടസപ്പെട്ടത്. ദമാമിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുന്ന കോഴിക്കോട് തലശ്ശേരി സ്വദേശിയായ യുവാവിനാണ് ദുരനുഭവം.
താൻസാനിയയിലെ സൻസിബാർ വിമാനത്താവളത്തിൽ വെച്ചാണ് സംഭവം. കൊച്ചിയിൽ നിന്ന് സുഹൃത്തുക്കളോടൊപ്പം സഊദി പ്രവേശനത്തിനായി താൻസാനിയ വഴി യാത്ര ചെയ്യുകയായിരുന്നു യുവാവ്. ഇവിടെ 14 ദിവസം കഴിഞ്ഞ ശേഷം ഖത്തർ എയർവേസിൽ യാത്രക്കായി എത്തിയപ്പോഴാണ് സഊദി യാത്ര സാധ്യമല്ലെന്ന് വ്യക്തമായത്. സിഹതി ആപിൽ നിന്നുള്ള വാക്സിനേഷൻ സട്ടിഫിക്കറ്റ്, നാട്ടിൽ നിന്ന് വാക്സിൻ എടുത്ത പ്രൂഫുകൾ, സഊദി പ്രവേഷണത്തിനായുള്ള അറൈവൽ രജിസ്ട്രേഷൻ തുടങ്ങി മുഴുവൻ രേഖകളും ഉണ്ടായിരുന്നെങ്കിലും മൊബൈൽ നമ്പർ നഷ്ടപ്പെട്ടതിനാൽ തവക്കൽന ഓപ്പൺ ആക്കി ഇമ്മ്യൂൺ സ്റ്റാറ്റസ് കാണിക്കാൻ സാധിക്കാത്തതിനെ തുടർന്ന് ബോർഡിങ് പാസ് നൽകാൻ ഖത്തർ എയർവ്വേസ് വിസമ്മതിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ തവക്കൽന ഇമ്മ്യൂൺ സ്റ്റാറ്റസ് സ്‌ക്രീൻ ഷോർട്ട് കാണിച്ചതിനാൽ യാത്ര അനുവദിക്കുകയും ചെയ്തു. സഊദി പ്രവേശനത്തിനായി ഇമ്മ്യൂൺ സ്റ്റാറ്റസ് ഇല്ലെങ്കിൽ ക്വാറന്റൈൻ പാക്കേജ് വേണമെന്നും രണ്ടും ഇല്ലാത്തതിനാൽ യാത്ര ചെയ്യാൻ അനുവദിക്കില്ലെന്നുമായിരുന്നു വിമാന കമ്പനിയെന്ന് യുവാവ് മലയാളംപ്രസ്സിനോട് പറഞ്ഞു.
നേരത്തെ, നാട്ടിൽ നിന്ന് വാക്സിൻ എടുത്ത ഇദ്ദേഹം തവക്കൽനയിൽ അപ്ഡേറ്റ് ചെയ്യാൻ അപ്‌ലോഡ് ചെയ്ത ശേഷം കുറച്ച് ദിവസത്തിന് ശേഷം ഇമ്മ്യൂൺ ആയതായി സന്ദേശവും ലഭിച്ചിരുന്നു. എന്നാൽ, രജിസ്റ്റർ ചെയ്ത നമ്പർ നഷ്ടപ്പെട്ടതോടെ ഓപ്പൺ ആക്കാൻ സാധിച്ചിരുന്നില്ല. സഊദിയിലെ സ്പോൺസർ ദമാം എയർപോർട്ടിലെ ഖത്തർ എയർവേയിസുമായി ബന്ധപെട്ടു പ്രശ്ന പരിഹാരത്തിനായി ശ്രമം നടത്തുന്നുണ്ട്. ഇത് വിജയിച്ചില്ലെങ്കിൽ ഇദ്ദേഹത്തിന് ഇനി സഊദിയിൽ എത്താൻ ക്വാറന്റൈൻ പാക്കേജ് എടുക്കേണ്ടി വരും.
സഊദിയിലേക്ക് വരുന്നവരിൽ തവക്കൽന ഇമ്മ്യൂൺ സ്റ്റാറ്റസ് ബോധ്യപ്പെടുത്താൻ സാധികാത്തവർ ക്വാറന്റൈൻ പാക്കേജ് എടുക്കേണ്ടി വരുമെന്നാണ് ഈ സംഭവം സൂചിപ്പിക്കുന്നത്. നേരത്തെ, ഖത്തറിലും പലരോടായും തവക്കൽന സ്റ്റാറ്റസ് ചോദിച്ചിരുന്നതായും പല യാത്രക്കാരും പങ്ക് വെച്ചിരുന്നു.
ഇതും കൂടി വായിക്കുക 👇