റിയാദ്: കൊവിഡ് പ്രതിസന്ധിയെത്തുടർന്ന് സഊദിയിലേക്ക് വരാൻ സാധിക്കാതെ വിദേശ രാജ്യങ്ങളിൽ കുടുങ്ങിയ പ്രവാസികളുടെ ഇഖാമ സൗജന്യമായി പുതുക്കി തുടങ്ങി. നേരത്തെയുള്ള പ്രഖ്യാപന പ്രകാരം സെപ്റ്റംബർ 30 വരെയാണ് ഇപ്പോൾ പലർക്കും പുതുക്കി കിട്ടിയത്. നേരത്തെ പലർക്കും ഓഗസ്റ്റ് 31 വരെ പുതുക്കി കിട്ടിയിരുന്നു. എന്നാൽ, പിന്നീട് പലർക്കും സെപ്റ്റംബർ 30 വരെ പുതുങ്ങിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
കാലാവധി കഴിഞ്ഞവരുടേത് സെപ്റ്റംബർ 30 വരെ ഫീസോ സാമ്പത്തിക നഷ്ടപരിഹാരമോ ഇല്ലാതെയാണ് പുതുക്കുന്നത്. കൊറോണ വൈറസ് മൂലം പ്രവേശനം താൽക്കാലികമായി നിർത്തിവച്ചിരിക്കുന്ന രാജ്യങ്ങളിലുള്ളവരുടെ റെസിഡൻസി, എക്സിറ്റ് റീ എൻട്രി, സന്ദർശക വിസകളാണ് നീട്ടുന്നതായി അറിയിച്ചിരുന്നത്. പ്രവേശനം താൽക്കാലികമായി നിർത്തിവച്ചിരിക്കുന്ന ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ പ്രവാസികൾക്കാണ് ഈ സൗജന്യ സേവനം ലഭ്യമാകുക.
സെപ്തംബർ 30 വരെ പുതുക്കി നൽകുമെന്ന് സഊദി ജവാസാത്ത് പ്രഖ്യാപിച്ചതോടെ ആയിരക്കണക്കിനു പ്രവാസികൾ വലിയ പ്രതീക്ഷയിലാണുള്ളത്. അതേസമയം, ഇത് വരെ ആരുടേയും റീ എൻട്രി പുതുക്കിയതായി വിവരമില്ല. വരും ദിവസങ്ങളിൽ റീ എൻട്രിയും പുതുക്കുമെന്നാണ് വിവരം.
