സഊദിയിൽ കുത്തിവയ്പ് എടുക്കാത്ത വിദ്യാർത്ഥികൾക്ക് ആദ്യ രണ്ടാഴ്ച ഹാജർ നൽകും, ഇളവുമായി വിദ്യാഭ്യാസ മന്ത്രാലയം

0
756

റിയാദ്: സഊദിയിൽ ഇന്ന് വിദ്യാലയങ്ങൾ തുറന്നതോടെ ഹാജർ നിലകളിൽ ഇളവുകൾ നൽകി വിദ്യാഭ്യാസ മന്ത്രാലയം. 12 വയസ്സിന് മുകളിലുള്ള യൂണിവേഴ്സിറ്റി വിദ്യാർത്ഥികളും സ്കൂൾ വിദ്യാർത്ഥികളും കൊവിഡ് -19 വാക്സിൻ ഡോസുകൾ ഇതുവരെ സ്വീകരിച്ചിട്ടില്ലെങ്കിൽ ആദ്യ രണ്ടാഴ്ചകളിൽ ആബ്സന്റ് ആയി കണക്കാക്കുകയില്ലെന്ന് മന്ത്രാലയം അറിയിച്ചതായി സഊദി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. കഴിഞ്ഞയാഴ്ച വിദ്യാഭ്യാസ മന്ത്രാലയം, വരുന്ന അധ്യയന വർഷത്തിൽ പ്രവർത്തിക്കുന്ന സ്കൂളുകൾക്കുള്ള പൊതു മാർഗ്ഗനിർദ്ദേശങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. ഇതിൽ രണ്ട് ഡോസ് വാക്സിൻ സ്വീകരിക്കാത്തതിനാൽ ഹാജരാകാൻ സാധിക്കാത്ത വിദ്യാർത്ഥികളെ രണ്ടാഴ്ച്ച ആബ്സന്റ് ആയി കണക്കാക്കുമെന്ന് അറിയിച്ചിരുന്നു.

ആരോഗ്യ മന്ത്രാലയവുമായി ഏകോപിപ്പിച്ച് വിദ്യാഭ്യാസ മന്ത്രാലയം ഈ വർഷം ആദ്യം എല്ലാ വിദ്യാർത്ഥികൾക്കും സ്കൂൾ ജീവനക്കാർക്കും സ്കൂൾ വർഷം ആരംഭിക്കുന്നതിന് മുമ്പ് പൂർണ്ണമായി പ്രതിരോധ കുത്തിവയ്പ്പ് നൽകണമെന്ന് പ്രഖ്യാപിച്ചിരുന്നു. സ്കൂളിന്റെ ആദ്യ ദിവസം കുത്തിവയ്പ് എടുക്കാത്ത 12 വയസ്സിന് മുകളിലുള്ള എല്ലാവരെയും ആദ്യത്തെ രണ്ടാഴ്ചത്തേക്ക് ആബ്സന്റ് ആയി കണക്കാക്കുമെന്ന് മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു.

സഊദി ആരോഗ്യ മന്ത്രാലയം ഏർപ്പെടുത്തിയിട്ടുള്ള നിയമങ്ങളും പ്രോട്ടോക്കോളുകളും സ്കൂളുകൾ പാലിക്കണമെന്നും വിദ്യാർത്ഥികളും സ്റ്റാഫ് അംഗങ്ങളും കൊവിഡ് -19 മുൻകരുതൽ നടപടികൾ പരിശീലിക്കുകയും പ്രയോഗിക്കുകയും ചെയ്യണമെന്നും മാർഗ്ഗനിർദ്ദേശങ്ങളിൽ പറയുന്നുണ്ട്.