ജിദ്ദ: സഊദിയിൽ നിന്നും കൊവിഡ് വാക്സിൻ രണ്ട് ഡോസ് എടുത്ത ഇന്ത്യക്കാർ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് നേരിട്ട് സഊദിയിലേക്ക് മടങ്ങി വരാമെന്ന അധികൃതരുടെ പ്രഖ്യാപനം വന്നതിനെത്തുടർന്ന് ഇത് വരെ അവധി നൽകാതിരുന്ന പല സ്ഥാപനങ്ങളും ജീവനക്കാർക്ക് അവധി അനുവദിച്ചു തുടങ്ങി. ഇങ്ങനെ അവധി ലഭിച്ച പലരും നീണ്ട ഇടവേളക്ക് ശേഷം നാട്ടിലേക്ക് പോവാനൊരുങ്ങുകയാണ്. വരും ദിവസങ്ങളിൽ നാട്ടിലേക്കു അവധിയിൽ പോകുന്നവരുടെ എണ്ണം കൂടാൻ സാധ്യതയുണ്ട്.
സഊദിയിൽ നിന്നും രണ്ട് ഡോസ് വാക്സിൻ എടുത്തവർക്കു നേരിട്ട് സഊദിയിലേക്ക് തിരിച്ചു വരാമെന്ന പ്രഖ്യാപനം കഴിഞ്ഞ ആഴ്ച വന്നതോടെ പ്രവാസികൾ ഏറെ ആഹ്ളാദത്തിലാണ്. നാളിതുവരെ മൂന്നാമതൊരു രാജ്യത്ത് രണ്ടാഴ്ച്ച താമസിച്ച ശേഷം കൊവിഡ് പരിശോധന നടത്തി നെഗറ്റീവ് റിസൾട്ട് ഉണ്ടെകിൽ മാത്രമേ സഊദിയിലേക്ക് പ്രവേശിക്കാൻ കഴിഞ്ഞിരുന്നുള്ളൂ. ഇക്കാരണത്താൽ സഊദിയിൽ ഉള്ളവർക്ക് നാട്ടിൽ പോവാൻ താല്പര്യം ഉണ്ടെകിലും വലിയ ആശങ്കയായിരുന്നു.
മൂന്നാമതൊരു രാജ്യത്ത് കൂടി ചുറ്റിവളഞ്ഞുള്ള തിരിച്ചു വരവ് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നതും ഏറെ ആശങ്ക നിറഞ്ഞതുമാണ്. ആയതിനാൽ മിക്ക പ്രവാസികളും നാട്ടിൽ പോവാൻ മടിച്ചു നിൽക്കുകയായിരുന്നു. ഇതോടൊപ്പം ചെറുതും വലുതുമായ പല സ്ഥാപനങ്ങളും ഇന്ത്യക്കാർ ഉൾപ്പെടെയുള്ള പ്രവാസികൾ നാട്ടിൽ പോവുന്നതിനെ നിരുത്സാഹപ്പെടുത്തിയിരുന്നു. നാട്ടിൽ പോയാൽ നിശ്ചിത അവധി കഴിഞ്ഞ ഉടനെ തിരിച്ചു വരാൻ കഴിയാതിരുന്നാൽ തങ്ങളുടെ സ്ഥാപനത്തിന്റെ പ്രവർത്തനനത്തെ പ്രതികൂലമായി ബാധിക്കുമെന്നത് കൊണ്ടാണ് ഇങ്ങനെ ചെയ്തിരുന്നത്. മിക്ക കമ്പനികളും കഴിഞ്ഞ വർഷത്തെ വാർഷിക അവധി ഇവിടെ തന്നെ എടുത്ത് തീർക്കാൻ ജീവനക്കാരോട് ആവശ്യപ്പെട്ടിരുന്നു.
കൊവിഡിന്റെ വരവിനു മുമ്പ് ഈദ്, ഓണം, ക്രിസ്മസ് പോലുള്ള ആഘോഷ വേളയിൽ സ്ഥിരമായി നാട്ടിൽ പോകുന്നവർ ഉണ്ടായിരുന്നു. അത്പോലെ, തെരെഞ്ഞെടുപ്പ്, കുടുംബത്തിൽ നടക്കുന്ന വിവാഹം, മരണം പോലുള്ള കാര്യങ്ങൾക്കും പലരും നാട്ടിൽ പോയിരുന്നു എന്നാൽ കോവിഡിന്റെ വരവോടെ വിമാന സർവീസുകൾ താളം തെറ്റുകയും ഇന്ത്യയിൽ നിന്ന് നേരിട്ട് തിരിച്ചു വരാൻ കഴിയാതിരിക്കുകയും ചെയ്തതിനാൽ ഇനി എന്ന് നാട്ടിൽ പോവാനും കുടുംബത്തെ കാണാനും കഴിയുമെന്ന ആധിയിലായിരുന്നു പലരും. ഇക്കാരണത്താൽ പലരും മാനസിക പിരിമുറുക്കത്തിലായിരുന്നു എന്നാൽ പുതിയ പ്രഖ്യാപനം വന്നതോടെ എല്ലാവരും ഏറെ സന്തോഷത്തിലാണ്.
സഊദിയിൽ നിന്ന് ഒരു ഡോസ് വാക്സിൻ എടുത്ത് പോയവരും നാട്ടിൽ നിന്ന് രണ്ട് ഡോസ് എടുത്തതവരും ധാരാളം ഉണ്ട്. എന്നാൽ ഇവർക്ക് ഇപ്പോഴും നേരിട്ട് തിരിച്ചു വരാൻ അനുമതിയില്ല. അവർക്ക് മൂന്നാമതൊരു രാജ്യത്ത് കൂടെ വേണം സഊദിയിലേക്ക് മടങ്ങി വരാൻ. വൈകാതെ ഇത്തരക്കാർക്കും നാട്ടിൽ നിന്നും നേരിട്ട് വരാനുള്ള തീരുമാനം സഊദി അധികൃതരിൽ നിന്നുണ്ടാവുമെന്നാണ് പ്രവാസികൾ പ്രതീക്ഷിക്കുന്നത്.