വേർപിരിയാനാകാത്ത ബന്ധം; ഫാത്വിമക്കൊപ്പം ഹണി എന്ന പൂച്ചക്കുട്ടിയും പറന്നു, കൊച്ചിയിലേക്ക്

0
3825

ദമാം: വേർപിരിയാനകാത്ത ബന്ധം ഹണിയെന്ന പൂച്ചക്കുട്ടിയെ കൂടെ കൊച്ചിയിലെത്തിച്ച് വിദ്യാർത്ഥിനി. പ്രവാസ ജീവിതത്തിനിടെ ഫാത്വിമയുടെ ജീവിതത്തിന്റെ ഭാഗമായ ഹണിയെന്ന പൂച്ചക്കുട്ടിയെയാണ് ഒടുവിൽ സ്വന്തം യാത്രക്കൊപ്പം നാട്ടിലേക്ക് കൊണ്ട് പോകാനായാത്. കൊച്ചി സ്വദേശിനിയായ ഫാത്വിമ നഹാൻ എന്ന വിദ്യാർഥിനിയാണ് തന്റെ പ്രിയപ്പെട്ട പൂച്ചക്കുട്ടി ‘ഹണിയെ’യും കൊണ്ട് ദമാമിൽനിന്ന് നാട്ടിലെത്തിയത്. നിയമ നടപടികൾ ഉൾപ്പെടെ സങ്കീർണമായ ഒേട്ടറെ കടമ്പകൾ കടക്കാനുണ്ടെന്നറിഞ്ഞിട്ടും ഫാത്വിമ തന്റെ ലക്ഷ്യത്തിൽ നിന്ന് പിന്തിരിഞ്ഞിരുന്നില്ല.

കൊവിഡ് കാലത്താണ് ദമാമിലെ ഫാത്വിമയുടെ വീട്ടിലേക്ക് പേർഷ്യൻ വിഭാഗത്തിൽപെട്ട സുന്ദരൻ പൂച്ചക്കുട്ടി എത്തുന്നത്. ദമാം ഇൻറർനാഷനൽ ഇന്ത്യൻ സ്കൂളിലെ മലയാളം അധ്യാപിക ഹലീമാബീവി നാസർ, ദമാം ദാറുസ്വിഹ മെഡിക്കൽ സെൻററിൽ ഫിനാൻസ് മാനേജർ നാസർ ഖാദർ ദാമ്പതികളുടെ മകളായ ഫാത്വിമ, യുഎഇയിലെ സ്വകാര്യ യൂനിവേഴ്സിറ്റിയിൽ സൈക്കോളജി ബിരുദ വിദ്യാർഥിനിയായിരുന്നു. കൊവിഡ് തുടക്കത്തിൽ കോളജ് അടച്ചപ്പോൾ ദമാമിലെ രക്ഷിതാക്കളുടെ അടുത്തെത്തിയപ്പോഴാണ് ഹണിയെ കണ്ടുമുട്ടിയതും ബന്ധം സ്ഥാപിച്ചതും. പരിചയമുള്ള അറബി പെൺകുട്ടിയുടെ വീട്ടിൽ വളരുന്ന പേർഷ്യൻ പൂച്ച പ്രസവിച്ച വിവരം അറിഞ്ഞു. ഒരു പൂച്ചക്കുട്ടിയെ തരുമോ എന്ന് ഫാത്വിമയുടെ ചോദ്യത്തിന് ഉത്തരമായി വീട്ടിൽ വന്നുകയറിയ സമ്മാനമാണ് ഹണി. നാലുമാസം പ്രായമായിരുന്നു സ്വർണനിറവും തവിട്ടും കലർന്ന രോമമുള്ള മനോഹരമായ പൂച്ചക്കുട്ടിക്ക്. ഹണിയെന്ന് പേരിട്ട് അരുമയായി വളർത്തിയതോടെ വളരെ കുറഞ്ഞ കാലത്തിനിടക്ക് ഇത് പിരിയാനാവാത്ത ബന്ധമായി മാറുകയായിരുന്നു. എം എസ് സി സൈക്കോളജി പഠിക്കാൻ ദീർഘകാല അവധിക്ക് നാട്ടിലേക്ക് പോകേണ്ട സമയമായപ്പോഴാണ് പിരിയാൻ കഴിയാത്ത രൂപത്തിൽ ഹണിയുമായി ബന്ധം ശക്തമായതായി മനസിലാക്കുന്നത്.

ഇതോടെയാണ് നാട്ടിലേക്ക് തന്നോടൊപ്പം പൂച്ച കുട്ടിയേയും കൊണ്ട് പോകാനുള്ള ചിന്ത ആരംഭിച്ചത്. ഗൂഗ്ളിൽ പരതി നടപടിക്രമങ്ങൾ മനസിലാക്കിയ ശേഷം ഇതിനായുള്ള ശ്രമം ആരംഭിച്ചു. ആദ്യം ദമാമിലെ വെറ്ററിനറി ഡിപ്പാർട്മെൻറിൽ ഹാജരാക്കി പൂച്ചയുടെ മുഴുവൻ വിവരങ്ങളും ഉൾക്കൊള്ളിച്ച മൈക്രോ ചിപ്പ് ഘടിപ്പിച്ചു. പൂച്ച പൂർണ ആരോഗ്യവതിയാണെന്ന ഡോക്ടറുടെ സർട്ടിഫിക്കറ്റ് നേടി. വിവിധ വാക്സിനേഷനുകൾ പൂർത്തിയാക്കി. വളർത്തു മൃഗങ്ങളുടെ ചുമതലയുള്ള കാർഷിക മന്ത്രാലയത്തിൽനിന്ന് പൂച്ചയുടെ യാത്രക്കുള്ള അനുമതിയും സംഘടിപ്പിച്ചു. യാത്രക്കു രണ്ടു ദിവസം മുമ്പ് വിമാനത്താവളത്തിലെ കർഗോ സെക്ഷൻ മാനേജരുടെ മുന്നിൽ ഹാജരാക്കി സമ്മതപത്രവും ലഭ്യമാക്കി. സാധാരണ ഇങ്ങനെ വിമാനത്തിൽ കൊണ്ടുപോകുന്ന വളർത്തുമൃഗങ്ങളിൽ പലതും കാർഗോ പെട്ടികളിൽ അടച്ചിരുന്ന് ചത്തു പോവാറുണ്ട്. അതുണ്ടാവരുതെന്ന നിർബന്ധമുണ്ടായിരുന്നതിനാൽ കാർേഗാ പെട്ടിയിൽ കയറ്റാതെ വിമാനത്തിനുള്ളിൽ തന്നോടൊപ്പം യാത്ര ചെയ്യിക്കാൻ വഴിയുണ്ടോ എന്നായി അന്വേഷണം. വിമാനത്തിലെ പൈലറ്റിൻറെ പ്രത്യേക അനുമതി കിട്ടിയാൽ അത് സാധ്യമാണെന്ന് മനസ്സിലാക്കി. ദമാം- ഡൽഹി എയർ ഇന്ത്യ വിമാനത്തിെൻറ പൈലറ്റിൻറെ അനുമതി തരപ്പെടുത്തി. ഒടുവിൽ ഫാത്വിമയോടൊപ്പം ഹണിയും അങ്ങനെ വിമാനത്തിനുള്ളിലിരുന്നു ഗമയിൽ യാത്ര ചെയ്തു ഡൽഹിയിൽ ഇറങ്ങി.

ഡൽഹി, മുംബൈ, ബാംഗളൂരു വിമാനത്താവളങ്ങളിൽ മാത്രമെ വിദേശത്തുനിന്ന് വളർത്തു മൃഗങ്ങളുമായി എത്തിച്ചേരാൻ അനുമതിയുള്ളൂ. കൊച്ചിയിലുള്ള വീട്ടിലെത്താൻ ഡൽഹി, ബാംഗളൂരു വഴിയുള്ള യാത്രയാണ് ഫാത്തിമ തിരഞ്ഞെടുത്തത്തിരുന്നത്. പക്ഷെ, ഡൽഹിയിൽ കുഴപ്പമില്ലാതെ എത്തിയെങ്കിലും അടുത്ത കടമ്പ കടക്കാൻ ഏറെ ബുദ്ധിമുട്ടേണ്ടി വന്നു. ബാംഗളൂരുവിലേക്ക് യാത്രചെയ്യാനെത്തിയപ്പോൾ ഹണിയെ വിമാനത്തിൽ കയറ്റാനാവില്ലെന്ന് അധികൃതർ അറിയിച്ചു. ഇതോടെ, സങ്കടപ്പെട്ട് ഹണിയെ കൂടാതെ യാത്ര ചെയ്യില്ലെന്ന് ഫാത്വിമയും ഉറപ്പിച്ചു. ഒടുവിൽ ഇവിടെയും പൈലറ്റ് രക്ഷക്കെത്തുകയായിരുന്നു. അങ്ങനെ ബംഗളൂരുവിൽ ഹണിയോടൊപ്പം ഇറങ്ങി പിന്നീട് അവിടെനിന്ന് ബസിൽ നാട്ടിലേക്കും എത്തി. കൊച്ചിയിലെ വീട്ടിലെത്തിയപ്പോൾ ഫാത്തിമക്കും ഹണിക്കും ബന്ധുക്കളും സുഹൃത്തുക്കളും ഗംഭീര വരവേൽപ്പും നൽകി.