കുട്ടികളെ അപകീർത്തിപ്പെടുത്തിയ വിദേശിയെയും മർദിച്ചു മൊബൈൽ തട്ടിപ്പറിച്ചോടിയ അഞ്ചംഗ സംഘത്തെയും സഊദി പോലീസ് അറസ്റ്റ് ചെയ്തു

0
2171

മക്ക/റിയാദ്: സോഷ്യൽ മീഡിയ വഴി തന്റെ കുട്ടികൾക്കെതിരെ ദുരുദ്ദേശപരമായ പരാമർശങ്ങൾ നടത്തിയ യെമൻ പൗരനെ മക്ക പോലീസ് അറസ്റ്റ് ചെയ്തു. കുട്ടികൾക്കെതിരായ നിന്ദ്യമായ പരാമർശങ്ങൾ ഉൾപ്പെടുന്ന വീഡിയോ പുറത്ത് വന്നതിനു പിന്നാലെയാണ് അന്വേഷണം നടത്തി പോലീസ് പ്രതിയെ തിരിച്ചറിഞ്ഞു അറസ്റ്റ് ചെയ്തതെന്ന് മക്ക പോലീസ് വക്താവ് പറഞ്ഞു.

50 വയസ്സുള്ള ആൾ തന്റെ കുട്ടികൾക്കെതിരെ അടിസ്ഥാനരഹിതവും ദുരുദ്ദേശപരവുമായ ആരോപണങ്ങൾ പ്രസിദ്ധീകരിച്ചതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. അദ്ദേഹത്തിനെതിരായ നിയമനടപടികൾ പൂർത്തിയാക്കാൻ മക്കയിലെ പബ്ലിക് പ്രോസിക്യൂഷന്റെ ശാഖയ്ക്ക് കൈമാറി.

മറ്റൊരു സംഭവത്തിൽ ഒരാളെ മർദ്ദിക്കുകയും മൊബൈൽ ഫോൺ മോഷ്ടിക്കുകയും ചെയ്ത അഞ്ചംഗ സംഘത്തെ അറസ്റ്റ് ചെയ്തതായി റിയാദ് പോലീസ് വക്താവ് മേജർ ഖാലിദ് അൽ ഖുറൈദിസ് പറഞ്ഞു. സംഭവത്തിന്റെ വീഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് സഊദി യുവാവും നാല് സിറിയക്കാരും ഉൾപ്പെടെ അഞ്ചംഗ കുറ്റവാളികളെ പോലീസ് പിടികൂടിയത്. പ്രതികൾക്കെതിരെ പ്രാരംഭ നിയമ നടപടികൾ സ്വീകരിച്ചു.

മക്ക മേഖലയിൽ 580 കന്നുകാലികളെ മോഷ്ടിച്ച കേസിൽ നാല് സുഡാൻ പൗരന്മാരും അറസ്റ്റിലായി. അനധികൃതമായി രാജ്യത്തേക്ക് കടന്നതിന് ശേഷം മക്ക, ജിദ്ദ, തായിഫ് എന്നിവിടങ്ങളിൽ നിരവധി കുറ്റകൃത്യങ്ങളിൽ ഇവർ ഏർപ്പെട്ടതായും കണ്ടെത്തിയിട്ടുണ്ട്. കുറ്റവാളികൾക്കെതിരെ ശിക്ഷാനടപടികൾ സ്വീകരിച്ചതിന് പബ്ലിക് പ്രോസിക്യൂഷന്റെ മക്ക ശാഖയ്ക്ക് കൈമാറി.