സ്വകാര്യ സ്കൂൾ സഊദിവത്കരണം സെപ്റ്റംബർ മുതൽ നിലവിൽ വരും, ലക്ഷ്യം 28,000 സ്വദേശികൾക്ക് അധ്യാപക ജോലി

0
1641

റിയാദ്: സഊദിയിലെ സ്വകാര്യ, ഇന്റർനാഷണൽ സ്‌കൂളുകളിലെ സഊദിവൽക്കരണം അടുത്തയാഴ്ച്ച മുതൽ നടപ്പിലാക്കി തുടങ്ങും. സെപ്റ്റംബർ ഒന്നു മുതൽ ഇത് പ്രാബല്യത്തിൽ വരുന്നതോടെ മൂന്നു വർഷത്തിനുള്ളിൽ സ്വകാര്യ, ഇന്റർനാഷണൽ സ്‌കൂളുകളിൽ 28,000 സ്വദേശി യുവതി യുവതീയുവാക്കൾക്ക് അധ്യാപക തസ്തികകളിൽ തൊഴിലവസരങ്ങൾ ലഭ്യമാക്കാനാകുമെന്നാണ് പ്രതീക്ഷ. മൂന്ന് ഘട്ടമായി നടത്തുന്ന ഈ മേഖലയിലെ നിശ്ചിത ശതമാനം സഊദി വത്കരണം മാനവശേഷി, സാമൂഹിക വികസന മന്ത്രി എൻജിനീയർ അഹ്മദ് അൽറാജ്ഹിയാണ് ഏതാനും ആഴ്ചകൾക്ക് മുമ്പ് പ്രഖ്യാപിച്ചത്.

സ്വകാര്യ സ്‌കൂളുകളിൽ ഗണിതശാസ്ത്രം, ഫിസിക്‌സ്, ബയോളജി, സയൻസ്, കംപ്യൂട്ടർ സയൻസ് എന്നീ സ്‌പെഷ്യാലിറ്റികളിലും ഇന്റർനാഷണൽ സ്‌കൂളുകളിൽ ആദ്യ ഘട്ടത്തിൽ അറബിക്, ഇസ്‌ലാമിക് സ്റ്റഡീസ്, സോഷ്യൽ സയൻസ്, ആർട്‌സ്, ഫിസിക്കൽ എജ്യുക്കേഷൻ എന്നീ സ്‌പെഷ്യാലിറ്റികളിലും സ്വദേശികൾക്ക് മാത്രമായിരിക്കും അനുമതി.

മുഴുവൻ സ്‌പെഷ്യാലിറ്റികളിലും ഉൾപ്പെടെ സ്വകാര്യ ഗേൾസ് സ്‌കൂളുകളിൽ തിരഞ്ഞെടുത്ത തൊഴിലുകളിൽ 90 ശതമാനവും ബോയ്‌സ് സ്‌കൂളുകളിൽ 60 ശതമാനവും ഇന്റർനാഷണൽ സ്‌കൂളുകളിൽ 80 ശതമാനവുമാണ് സഊദിവത്കരണം നടപ്പിലാക്കേണ്ടത്. അധ്യാപകർക്ക് ചുരുങ്ങിയ ശമ്പളം അയ്യായിരം റിയാൽ ആയി നിശ്ചയിക്കുകയും ചെയ്തിട്ടുണ്ട്.