ജിദ്ദ: രണ്ട് പതിറ്റാണ്ട് കാലത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ജിദ്ദ കെഎംസിസി മഞ്ചേരി മണ്ഡലം ഉപാധ്യക്ഷനായ മൻസൂർ മഞ്ചേരിക്ക് മണ്ഡലം കെഎംസിസി യുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. ജിദ്ദയിലെ രാഷ്ട്രീയ സാംസ്കാരിക മേഖലകളിൽ സജീവ സാന്നിധ്യമായിരുന്ന മൻസൂറിന്റെ പ്രവർത്തനം കെഎംസിസിക്ക് എന്നും ഒരു മുതൽകൂട്ടായിരുന്നുവെന്ന് യോഗം ഉദ്ഘാടനം ചെയ്ത് കൊണ്ട് ജിദ്ദ കെഎംസിസി സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര പറഞ്ഞു. മുഹമ്മദ് കുട്ടി വള്ളുവങ്ങാട് അധ്യക്ഷത വഹിച്ചു.
മൂസ പാണ്ടിക്കാട്, മാനു പട്ടിക്കാട് തുടങ്ങിയവർ യാത്ര മംഗളം നേർന്നു സംസാരിച്ചു. മണ്ഡലം കെഎംസിസി വക ഉപഹാരം അബൂബക്കർ അരിമ്പ്ര മൻസൂറിന് സമ്മാനിച്ചു. കെഎംസിസി പ്രവർത്തകരുടെയും നേതാക്കളുടെയും സ്നേഹവും പിന്തുണയും ജീവിതത്തിൽ എന്നും നല്ല ഓർമ്മകൾ മാത്രമാണ് നല്കിയിട്ടുള്ളതെന്ന് മറുപടി പ്രഭാഷണത്തിൽ മൻസൂർ മഞ്ചേരി പറഞ്ഞു.
മഞ്ചേരി മണ്ഡലം കെഎംസിസി ജനറൽ സെക്രട്ടറി ടി. പി സുഹൈൽ സ്വാഗതവും നാസർ എപ്പിക്കാട് നന്ദിയും പറഞ്ഞു.