ഇനി സഊദി അതിർത്തി മാത്രം; ശുഭവാർത്തക്കായി കാത്തോർത്ത് പ്രവാസികൾ

0
8283

റിയാദ്: ഏറ്റവും ഒടുവിൽ ഒമാനും ഇന്ത്യൻ പ്രവാസികൾക്ക് അതിർത്തി തുറന്നതോടെ ആകാംക്ഷയിൽ സഊദി പ്രവാസികളും. ഗൾഫ് രാജ്യങ്ങളിൽ നേരിട്ട് പ്രവേശന വിലക്കുള്ള ഏക രാജ്യം ഇപ്പോൾ സഊദി അറേബ്യ മാത്രമാണ്. ഉടൻ തന്നെ അനുകൂല പ്രഖ്യാപനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ ആ പ്രഖ്യാപനത്തിനായി കാതോർത്തിരിക്കുകയാണ് സഊദി പ്രവാസികൾ. നിലവിൽ യു എ ഇ, ബഹ്‌റൈൻ, ഖത്തർ, കുവൈത്, ഏറ്റവും ഒടുവിൽ ഒമാനും ഇന്ത്യക്കാർക്ക് പ്രവേശനം അനുവദിച്ചതോടെ ഇന്നത്തെ പ്രവാസികൾക്കിടയിലെ ചൂടേറിയ ചർച്ച സഊദി അതിർത്തി തുറക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു.

നിലവിൽ അനുകൂല ഘടകങ്ങൾ നിരവധിയുടെങ്കിലും പ്രഖ്യാപനം വന്നാൽ മാത്രമേ ആശ്വസിക്കാൻ വകയുള്ളൂ. സഊദിയിൽ കേസുകൾ കുത്തനെ കുറഞ്ഞതും ഏകദേശം പ്രവാസികൾക്കും വാക്സിൻ രണ്ട് ഡോസ് ലഭ്യമായതും മറ്റു ഗൾഫ് രാജ്യങ്ങൾ അതിർത്തികൾ തുറന്നതും ഇന്ത്യയിൽ നിന്ന് നിരവധി വിദേശ രാജ്യങ്ങൾ പ്രവേശന അനുവാദം നൽകിയ വാർത്തകളും സ്കൂളുകൾ തുറക്കുന്നതുമെല്ലാം അനുകൂല ഘടകങ്ങളാണ്. എന്നാൽ, സഊദി അധികൃതരുടെ അനുകൂല പ്രഖ്യാപനം എപ്പോൾ ആയിരിക്കുമെന്ന ആകാംക്ഷയിൽ കഴിയുകയാണ് സഊദി പ്രവാസികൾ.

പക്ഷേ, ഇതിനിടയിലും പുതിയ ഡെൽറ്റ വൈറസിൻ്റെ വ്യാപനം സഊദിയിലും ഉണ്ടെന്ന് ആരോഗ്യ മന്ത്രാലയം ആവർത്തിക്കുന്നതും ഇടക്കിടെ ഇഖാമ, റീ എൻട്രി നീട്ടി നൽകുന്നതും എന്ന് തുറക്കുമെന്നതിനെക്കുറിച്ച് ഒരു സൂചനയും പറയാൻ പറ്റാത്ത സാഹചര്യവുമാണുള്ളത്. എങ്കിലും സ്കൂളുകൾ തുറക്കുന്ന സാഹചര്യത്തിലും വാക്സിനേഷൻ വലിയ തോതിൽ തന്നെ മുന്നേറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലും ശുഭ വാർത്ത വൈകാതെ കേൾക്കാൻ കഴിഞ്ഞേക്കുമെന്ന പ്രതീക്ഷ പുലർത്തുന്നവരാണ് ഒട്ടുമിക്ക സഊദി പ്രവാസികളും.

നിലവിൽ പതിനായിരക്കണക്കിന് പ്രവാസികളാണ് ഇന്ത്യയിൽ കുടുങ്ങി കിടക്കുന്നത്. ഇതിൽ നല്ലൊരു ശതമാനവും കേരളത്തിലാണ്. മറ്റു രാജ്യങ്ങൾ ചുറ്റികറങ്ങി എത്താൻ സാമ്പത്തിക ശേഷി ഇല്ലാത്തവരാണ് ഇവരിൽ ബഹു ഭൂരിഭാഗവും. സഊദി ഭരണകൂടം ഇടക്കിടെ ഇഖാമയും റീ എൻട്രിയും പുതുക്കുന്നത് മാത്രമാണ് ആശ്വാസം. ഇതോടൊപ്പം, മുഴുവൻ ഗൾഫ് രാജ്യങ്ങൾ അതിർത്തികൾ തുറക്കുക കൂടി ചെയ്തപ്പോൾ ഇനി സഊദി പ്രഖ്യാപനം എന്നായിരിക്കുമെന്ന കണക്ക് കൂട്ടലിലാണ് ഇവർ.

കാത്തിരിക്കാൻ സാധിക്കാത്തവർ വളരെ കഷ്ടപ്പെട്ടും സഊദിയിൽ എത്തിച്ചേരുന്നുണ്ട്. ഈ റൂട്ടിലേക്ക് ഇപ്പോൾ ഒമാൻ കൂടി എത്തുന്നതോടെ അൽപം ആശ്വാസം ലഭിക്കുമെന്നത് തീർച്ചയാണ്. നിലവിൽ ഒട്ടുമിക്ക പ്രവാസികളും തിരഞ്ഞെടുക്കുന്നത് ഖത്തർ വഴിയുള്ള പ്രവേശനമാണ്. ഒമാൻ വഴിയുള്ള പ്രവേശനവും സാധ്യമാകുമെന്ന് ഉറപ്പായതോടെ നിരക്കിലും ചിലവിലും ഗണ്യമായ കുറവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉടൻ തന്നെ ഒമാൻ വഴിയുള്ള പാക്കേജുകളും പ്രഖ്യാപിക്കപ്പെടുമെന്ന് ട്രാവൽസ് ഏജൻസികൾ അറിയിച്ചു.