സഊദിയിൽ കൊവിഡ് പ്രതിരോധ പരിശോധന ശക്തം, ഒരാഴ്ചക്കിടെ കണ്ടെത്തിയത് കാൽ ലക്ഷത്തോളം ലംഘനങ്ങൾ

0
1575

റിയാദ്: സഊദിയിൽ കൊവിഡ് പ്രതിരോധ നടപടികൾ ലംഘിക്കുന്നവരെ കണ്ടെത്താനുള്ള പരിശോധന ശക്തമായി തുടരുന്നു. ഒരാഴ്ചക്കിടെ മാത്രം കാൽ ലക്ഷത്തോളം ലംഘനങ്ങൾ രേഖപ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മുഹറം ഏഴ് മുതൽ 13 വരെയുള്ള കാലയളവിൽ 22,345 കൊവിഡ് പ്രതിരോധ നിയമ ലംഘനങ്ങൾ ആണ് രേഖപ്പെടുത്തിയത്. ഇവയിൽ ഏറ്റവും കൂടുതൽ നിയമ ലംഘനങ്ങൾ കണ്ടെത്തിയത് തലസ്ഥാന നഗരിയായ റിയാദിലാണ്.

റിയാദ് മേഖലയിൽ 8,840 നിയമലംഘനങ്ങൾ രേഖപ്പെടുത്തിയതായി മന്ത്രാലയം അറിയിച്ചു. കിഴക്കൻ പ്രവിശ്യയിൽ 3,049, മദീന മേഖല 2,145 മക്ക മേഖല 1,881, ഖസിം 1,819, അൽ-ജൗഫ് 1,221, ഹായിൽ 1,136, വടക്കൻ അതിർത്തികൾ 792, തബൂക്ക് 386, ജസാൻ 333, അൽ ബാഹ 315, അസീർ 236, നജ്റാൻ 192 എന്നിങ്ങനെ കൊവിഡ് നിയമ ലംഘനങ്ങൾ രേഖപ്പെടുത്തി.

പ്രതിരോധ നടപടികളും ഇതുമായി ബന്ധപ്പെട്ട് ബന്ധപ്പെട്ട അധികാരികൾ പുറപ്പെടുവിച്ച നിർദ്ദേശങ്ങളും പൂർണമായും പാലിക്കണമെന്ന് മന്ത്രാലയം വീണ്ടും ഓർമ്മപ്പിച്ചു. നിരവധി മലയാളികൾക്കും പിഴ ലഭിച്ചിട്ടുണ്ട്. വാഹനങ്ങളിൽ അമിതമായി യാത്രക്കാരെ കയറ്റിയതിനും അങ്ങിനെ കയറിയവർക്കും മാസ്ക് ശരിയായ നിലയിൽ ധരിക്കാത്തവർക്കും അടക്കം മലയാളികൾക്ക് പിഴ ലഭിച്ചിട്ടുണ്ട്.