റിയാദ്: സഊദിയിൽ ക്ലാസ്സുകൾ തുടങ്ങുന്നതിനു മുന്നോടിയായി ഞായറാഴ്ച മുതൽ അധ്യാപകർ സ്കൂളുകളിൽ എത്തിതുടങ്ങും. നാളെ മുതൽ വിദ്യാലയങ്ങളിലേക്ക് എത്തുന്ന അധ്യാപകരെ വിദ്യാഭ്യാസ മന്ത്രി ഡോ: ഹമദ് അൽ ഷെയ്ഖ് സ്വാഗതം ചെയ്തു. മഹാമാരിക്കിടെ വിദ്യാഭ്യാസ പ്രക്രിയ കൈകാര്യം ചെയ്യുന്നത് എളുപ്പമല്ലെന്നും വിദ്യാഭ്യാസത്തിൽ വെല്ലുവിളികളെ മാറ്റത്തിനും വികസനത്തിനുമുള്ള അവസരങ്ങളാക്കി മാറ്റാൻ ഞങ്ങൾ ഉപയോഗിക്കുന്നുവെന്നും മേഖല വിദ്യാഭ്യാസ ഡയറക്ടർമാരുമായി ശനിയാഴ്ച നടന്ന യോഗത്തിൽ മന്ത്രി പറഞ്ഞു.
അതേസമയം, 12 വയസ്സിന് മുകളിലുള്ള വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ സൗകര്യങ്ങളിൽ പങ്കെടുക്കാൻ രണ്ട് ഡോസ് കൊവിഡ് -19 വാക്സിൻ ലഭിക്കേണ്ടതുണ്ടെന്നും രണ്ട് ഡോസ് കുത്തിവയ്പ് എടുക്കുന്നതുവരെ രണ്ട് ഡോസ് വാക്സിനേഷൻ പൂർത്തിയാക്കാത്തവരുടെ ഹാജർ രേഖപ്പെടുത്തുകയില്ലെന്നും മന്ത്രി പറഞ്ഞു. ഇവരെ ആബ്സന്റ് ആയിട്ടാണ് കണക്കാക്കുക. എല്ലാ വിദ്യാർത്ഥികളോടും അവരുടെ രക്ഷിതാക്കളോടും അധ്യാപകരോടും അദ്ദേഹം വാക്സിൻ എടുക്കാൻ ആവശ്യപ്പെട്ടു.
സ്കൂളിനുള്ളിൽ വിദ്യാർത്ഥികളുടെ സുരക്ഷയും ആരോഗ്യവും ഉറപ്പുവരുത്തുന്നതിനൊപ്പം എല്ലാ മുൻകരുതൽ നടപടികളും ബാധകമാക്കിക്കൊണ്ട് വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ യാത്ര തുടരുക എന്നതാണ് എല്ലാവരുടെയും ഉത്തരവാദിത്തമെന്നും
അംഗീകൃത പ്രവർത്തന മാതൃകകളും മുൻകരുതൽ നടപടികളും നടപ്പിലാക്കുന്നതിനുള്ള ഉത്തരവാദിത്തം ഈ മേഖലയിലെ വിദ്യാഭ്യാസ ഡയറക്ടർക്കാണെന്നും മന്ത്രി പറഞ്ഞു.
അറ്റകുറ്റപ്പണികൾ, അണുനശീകരണ ഉപകരണങ്ങളുടെ ലഭ്യത, മുൻകരുതൽ നടപടികൾ എന്നിവ ഉറപ്പ് വരുത്താൻ ഈ ആഴ്ച സ്കൂളുകളിൽ ഫീൽഡ് സന്ദർശനം നടത്താൻ വിദ്യാഭ്യാസ ഡയറക്ടർമാർക്ക് മന്ത്രി നിർദേശം നൽകി.




