ഖത്തറിൽ നിന്ന് ബസിൽ സഊദിയിലേക്ക് തിരിച്ചവരെ അതിർത്തിയിൽ നിന്ന് മടക്കി, പിന്നീട് തുണയായത് ടാക്സി ഡ്രൈവർമാർ

0
4075

ദമാം: ദോഹയിൽ നിന്നും ദമാമിലേക്ക് ബസ് മാർഗം പോകുന്നതിനിടെ അതിർത്തിയിൽ വെച്ച് തിരിച്ചയച്ചതായി റിപ്പോർട്ട്. നേരത്തെ ഇത് വഴി കാർ മാർഗം ഉള്ള ഗതാഗതം രണ്ട് ദിവസത്തേക്ക് തടസ്സപ്പെട്ടത് പോലുള്ള സമാന സംഭവമായിരുന്നു കഴിഞ്ഞ ദിവസം ബസ് മാർഗം പോയപ്പോൾ സംഭവിച്ചത്. സഊദി ചെക്ക് പോയിൻ്റിലേക്ക് കടത്തിവിടാതെ ബസ് തിരിച്ച് വിടാൻ ഉദ്യോഗസ്ഥർ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ, ബസിലുണ്ടായിരുന്ന പ്രവാസികൾ ടാക്സി ഡ്രൈവർമാരുടെ സഹായത്താൽ പിന്നീട് അതിർത്തി കടക്കുകയായിരുന്നു.

ബസ് കടത്തി വിടാതായതോടെ ഇവർ കാർ വഴി പ്രവാസികളെ സഊദിയിലേക്ക് കൊണ്ട് പോകുന്ന മലയാളികളുമായി ബന്ധപ്പെടുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ മലയാളി ഡ്രൈവർമാർ ആവശ്യമായ നടപടികളും സജ്ജീകരണങ്ങളും പൂർത്തിയാക്കി വഴിയിൽ കുടുങ്ങിയവരെ സഊദിയിൽ എത്തിക്കുകയായിരുന്നു. തിരിച്ചയക്കപ്പെട്ട പ്രവാസികൾക്ക് മലയാളി ടാക്സി ഡ്രൈവർമാരുടെ സമയോചിത ഇടപെടൽ ഏറെ ആശ്വാസം പകരുന്നതായിരുന്നു.