റിയാദ്: പോഷകങ്ങളുടെ കലവറയായ ഈത്തപ്പഴം ഭക്ഷിക്കും മുമ്പ് ചൂട് വെള്ളം ഉൾപ്പെടെ ഉപയോഗിച്ച് കഴുകണമെന്ന് മുന്നറിയിപ്പ്. വിവിധ രാസ, കീടനാശിനികൾ ഉപയോഗിക്കുന്നതിനാൽ ഇവയിൽ കീടനാശിനി അവശിഷ്ടങ്ങൾ, കനത്തതും വിഷാംശമുള്ളതുമായ ലോഹങ്ങൾ എന്നീ അപകട വിഷ വസ്തുക്കളും യീസ്റ്റ്, പൂപ്പൽ തുടങ്ങിയ സൂക്ഷ്മാണുക്കളുടെ വളർച്ച എന്നിവ ഉൾപ്പെടെ ഈന്തപ്പഴത്തിൽവിവിധ തരത്തിലുള്ള മലിനീകരണമുണ്ടെന്നും സഊദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി വെളിപ്പെടുത്തി.
ഈത്തപ്പഴം കഴിക്കുന്നതിനുമുമ്പ് ചൂടുവെള്ളത്തിൽ നന്നായി കഴുകണം, കാരണം ഇത് കീടനാശിനിയും രാസ അവശിഷ്ടങ്ങളും കുറക്കാൻ സഹായിക്കും. ഒന്നിലധികം തവണ ഒരേ വെള്ളം ഉപയോഗിച്ചായിരിക്കരുത് കഴുകുന്നതെന്നും അതോറിറ്റി ചൂണ്ടിക്കാട്ടി.
ഈന്തപ്പഴം കേട് കൂടാതെ സംരക്ഷിക്കാൻ നിരവധി മാർഗങ്ങളുണ്ടെന്നും ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി പറഞ്ഞു. പഞ്ചസാര, ധാതുക്കൾ, വിറ്റാമിനുകൾ എന്നിവ ഇവയിൽ അടങ്ങിയിട്ടുണ്ട്. ഈന്തപ്പഴത്തിന്റെ ഈർപ്പം കുറയ്ക്കുന്നതിന് അനുയോജ്യമായ പാത്രങ്ങളിൽ ആഴ്ചകളോളം റഫ്രിജറേറ്ററിൽ ഇവ സൂക്ഷിക്കാം. ചില തരം ഈത്തപ്പഴങ്ങൾ ഇത്തരത്തിൽ മൂന്ന് മാസം വരെ ഇങ്ങനെ റഫ്രിജറേറ്ററിൽ സൂക്ഷിക്കാൻ സാധിക്കും.
ഉണക്കി സൂക്ഷിക്കുന്നതാണ് മറ്റൊരു രീതി. സൂക്ഷ്മാണുക്കളുടെ വളർച്ചയ്ക്ക് കാരണമാകുന്ന ഈർപ്പം കുറയ്ക്കുക എന്നതാണ് ഇത് ലക്ഷ്യമിടുന്നത്. ഇത്തരത്തിൽ സംരക്ഷണ കാലയളവ് ഒരു വർഷം വരെ നീട്ടാൻ സാധിക്കും.