സഊദി ടൂറിസം വകുപ്പിന്റെ പ്രത്യേക പരിപാടി “ഇന്ത്യൻ സായാഹ്‌നം” സെപ്റ്റംബർ മൂന്നിന്, ടിക്കറ്റുകൾ ബുക്ക് ചെയ്യാം

0
3102

ജിദ്ദ: സഊദി ടൂറിസം അതോറിറ്റിയുടെ സഊദി സമ്മർ പ്രോഗ്രാമിന്റെ ഭാഗമായി ജിദ്ദയിൽ “കമ്മ്യൂണിറ്റീസ് ഇവന്റ്” ആരംഭിച്ചു. സെപ്റ്റംബർ അവസാനം വരെ തുടരുന്ന കമ്മ്യൂണിറ്റി ഇവന്റസിൽ വിവിധ രാജ്യ സായാഹ്നങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യൻ നൈറ്റ്, പാകിസ്ഥാൻ നൈറ്റ്, ഫിലിപ്പൈൻസ് നൈറ്റ് എന്നിങ്ങനെ പ്രത്യേക സായാഹ്നങ്ങളാണ്‌ ജിദ്ദ കമ്മ്യൂണിറ്റി സമ്മർ ഇവന്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ജിദ്ദയുടെ വടക്ക് അസ്ഫാൻ റോഡിൽ സ്ഥിതി ചെയ്യുന്ന ഇക്വസ്ട്രിയൻ ക്ലബിലാണ് “കമ്മ്യൂണിറ്റീസ് ഇവന്റ്” നടക്കുന്നത്. ഇന്ത്യൻ സായാഹ്നം സെപ്റ്റംബർ 3 നാണ് സജ്ജീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു ഫിലിപ്പിനോ സായാഹ്നം. പാകിസ്ഥാൻ സായാഹ്നം ആഗസ്റ്റ് 27 ന് രാത്രിയുമാണ് നടക്കുക. പങ്കെടുക്കുന്ന രാജ്യങ്ങളെ പ്രതിഫലിപ്പിക്കുന്ന സവിശേഷവും അതുല്യവുമായ നാടക, സംഗീത പരിപാടികളും പ്രകടനങ്ങളും ഇതിൽ അരങ്ങേറും. ഇതു കൂടാതെ, കുട്ടികൾക്കായി കിഡ്‌സ് സോണും എല്ലാ കുടുംബാംഗങ്ങൾക്കും വിനോദ സൗകര്യങ്ങളും ഉണ്ടാകും.

ഇവന്റിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വിനോദസഞ്ചാരികൾക്കും സന്ദർശകർക്കും “വിസിറ്റ് സഊദി” വെബ്സൈറ്റ് visitsaudi.com സന്ദർശിക്കാം, കൂടാതെ സാധാരണ, പ്രീമിയം വിഭാഗങ്ങളുടെ ടിക്കറ്റുകൾ ബുക്ക് ചെയ്യുകയും വാങ്ങുകയും ചെയ്യാം.

കമ്മ്യൂണിറ്റി ഇവന്റ് വൈകുന്നേരം ആറ് മുതൽ അർദ്ധരാത്രി വരെയാണ് അരങ്ങേറുക. മാസ്‌ക് ധരിക്കൽ ശാരീരിക അകലം പാലിക്കൽ അടക്കം എല്ലാ മുൻകരുതൽ നടപടികളും പാലിക്കണമെന്നും നിർദേശമുണ്ട്. എല്ലാവര്ക്കും ഇവന്റിൽ പങ്കെടുക്കാമെങ്കിലും 12 വയസ്സിന് മുകളിലുള്ളവർക്ക് പ്രതിരോധ കുത്തിവയ്പ്പ് നിർബന്ധമാണ്.

സ്വകാര്യ മേഖലയിൽ നിന്നുള്ള 250 ലധികം പങ്കാളികളിലൂടെയും സ്ഥാപനങ്ങളിലൂടെയും 500 ലധികം പാക്കേജുകളും ടൂറിസം അനുഭവങ്ങളും വാഗ്ദാനം ചെയ്യുന്ന സഊദി സമ്മർ പ്രോഗ്രാം ഇക്കഴിഞ്ഞ ജൂൺ 24 നാണ് സഊദി ടൂറിസം അതോറിറ്റി ആരംഭിച്ചത്. നാഷണൽ ഇവന്റ്സ് സെന്ററുമായി സഹകരിച്ചാണ് പ്രധാന പരിപാടികൾ നടക്കുന്നത്. രാജ്യത്തെ 6 നഗരങ്ങളിൽ 300 -ലധികം രസകരമായ ഷോകളും വൈവിധ്യമാർന്ന പ്രവർത്തനങ്ങളും ഉൾപ്പെടെ 30 പ്രധാന പരിപാടികൾ ഇതിനകം അരങ്ങേറിയിട്ടുണ്ട്.