റിയാദ്: കൊവിഡ് പ്രതിസന്ധിയെത്തുടർന്ന് സഊദിയിലേക്ക് വരാൻ സാധിക്കാതെ വിദേശ രാജ്യങ്ങളിൽ കുടുങ്ങിയ പ്രവാസികളുടെ റീ എൻട്രിയും സൗജന്യമായി പുതുക്കി തുടങ്ങി. നേരത്തെ ഇഖാമയും സൗജന്യമായി പുതുക്കി തുടങ്ങിയിരുന്നു. പെരുന്നാൾ ദിനത്തിൽ സഊദി ഭരണാധികാരി സൽമാൻ രാജാവ് പ്രഖ്യാപിച്ച ആനുകൂല്യമായിരുന്നു സഊദിയിലേക്ക് പ്രവേശന വിലക്കുള്ള രാജ്യങ്ങളിൽ കുടുങ്ങിയ പ്രവാസികൾക്ക് സൗജന്യമായി നീട്ടി നൽകുമെന്നത്. ഇത് പ്രകാരമുള്ള തിയ്യതിയായ ഓഗസ്റ്റ് 31 വരെയാണ് ഇപ്പോൾ പലർക്കും പുതുക്കി കിട്ടിയത്.
എന്നാൽ, സെപ്റ്റംബർ 30 വരെ ഇവ പുതുക്കി നൽകുന്ന നടപടികൾ ആരംഭിച്ചുവെന്നാണ് രണ്ടു ദിവസം മുമ്പ് സഊദി പാസ്പോർട്ട് വിഭാഗം അറിയിച്ചത്. എന്നാൽ, സെപ്റ്റംബർ 30 വരെ ഇത് വരെ ആരുടേയും ഇഖാമയും റീ എൻട്രിയും പുതുങ്ങിയതായി അറിവില്ല. ചിലപ്പോൾ നിലവിൽ പുതുങ്ങിയ ഓഗസ്റ്റ് 31 എന്ന കാലാവധി കഴിയുന്നതോടെ വീണ്ടും ഒരു മാസക്കാലത്തേക്ക് അഥവാ അവസാനം പ്രഖ്യാപിച്ച സെപ്റ്റംബർ 30 വരെ നീട്ടികിട്ടാനാണ് സാധ്യത.
കാലാവധി കഴിഞ്ഞവരുടേത് സെപ്റ്റംബർ 30 വരെ ഫീസോ സാമ്പത്തിക നഷ്ടപരിഹാരമോ ഇല്ലാതെയാണ് പുതുക്കുന്നത്. കൊറോണ വൈറസ് മൂലം പ്രവേശനം താൽക്കാലികമായി നിർത്തിവച്ചിരിക്കുന്ന രാജ്യങ്ങളിലുള്ളവരുടെ റെസിഡൻസി, എക്സിറ്റ് റീ എൻട്രി, സന്ദർശക വിസകളാണ് നീട്ടുന്നതായി അറിയിച്ചിരുന്നത്. പ്രവേശനം താൽക്കാലികമായി നിർത്തിവച്ചിരിക്കുന്ന ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ പ്രവാസികൾക്കാണ് ഈ സൗജന്യ സേവനം ലഭ്യമാകുക.