മാലിദ്വീപിൽ ദുരിതത്തിനെതിരെ പ്രതികരിച്ച് പ്രവാസികൾ, അതിര് കടന്നപ്പോൾ കൂടുതൽ കർശനമാക്കി അധികൃതർ

0
5101

മാലി: മാലിദ്വീപ് വഴി സഊദിയടക്കമുള്ള രാജ്യങ്ങളിലേക്ക് പോകുന്ന പ്രവാസികൾ യാത്രാ മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചില്ലെങ്കിൽ യാത്ര മുടങ്ങും. ഏതാനും ദിവസങ്ങളായി മാലിദ്വീപിൽ ഇറങ്ങുന്നവർക്കിടയിൽ അധികൃതർ കർശന പരിശോധനയാണ് നടത്തുന്നെന്നതിനാൽ ഏതെങ്കിലും തരത്തിലുള്ള പോരായ്മകൾ കണ്ടെത്തിയാൽ ഒരു നിലക്കും വിട്ടു വീഴ്ച വേണ്ടെന്ന തരത്തിലാണ് ഇവിടെയുള്ള ഉദ്യോഗസ്ഥരെന്ന് അനുഭവസ്ഥർ സാക്ഷ്യപ്പെടുത്തി. കഴിഞ്ഞ ഏതാനും ആഴ്ചകളായി നല്ല നിലയിൽ പ്രവാസികൾ കടന്നിരുന്നുവെങ്കിലും ചില ഏജൻസികളുടെ വഞ്ചനയിൽ പെട്ട് ദുരിതത്തിലായ പ്രവാസികളുടെ മാലിദ്വീപിൽ നിന്നുള്ള പ്രതിഷേധം വഴിമാറിയതോടെയാണ് കടുത്ത നിരീക്ഷണങ്ങൾക്ക് ഉദ്യോഗസ്ഥരെ പ്രേരിപ്പിച്ചത്.

ഏതാനും ദിവസം മുമ്പ് ഇവിടെയെത്തിയ ഒരു പറ്റം പ്രവാസികൾ നടത്തിയ പ്രതിഷേധം വഴിമാറിയത് ഗൗരവമായാണ് മാലിദ്വീപ് അധികൃതർ കാണുന്നത്. എയർപോർട്ടിലെത്തി മണിക്കൂറുകൾ കാത്തിരുന്നിട്ടും ഏജൻസികളോ ബന്ധപ്പെട്ടവരോ എത്താതായപ്പോൾ സഹികെട്ട ഇവർ ശക്തിയായ പ്രതിഷേധാവുമായി രംഗത്തെത്തുകയായിരുന്നു. മാലി വിമാനത്താവളത്തിൽ പ്രതിഷേധം ശക്തമായതിന് പിന്നാലെ തടസം സൃഷ്ടിക്കുന്നതടക്കമുള്ള നിലയിലേക്ക് കാര്യങ്ങൾ എത്തിയതോടെ സുരക്ഷ ഉദ്യോഗസ്ഥർ വിഷയത്തിൽ ഇടപെടുകയും ഇവരെ പിന്തിരിപ്പിക്കുകയുമായിരുന്നു. ഇതിന് പിന്നാലെയാണ് പരിശോധന കർശനമാക്കിയതും പലർക്കും പ്രവേശനം നിഷേധിക്കപ്പെട്ടതും. കഴിഞ്ഞ ദിവസം കൊച്ചിയിൽ നിന്നെത്തിയ 200 ഓളം ആളുകളെ വഹിച്ചെത്തിയ വിമാനത്തിലെ മുഴുവൻ യാത്രക്കാരേയും തിരിച്ചയക്കാനുള്ള പ്രധാന കാരണവും ഇതാണെന്നാണ് അറിയുന്നത്.

നിലവിൽ പ്രതിദിനം രണ്ടായിരത്തോളം ആളുകളാണ് ഇന്ത്യയിൽ നിന്ന് മാത്രം ഇവിടെ എത്തിച്ചേരുന്നത്. ഇവരിൽ ബഹു ഭൂരിഭാഗവും സഊദി ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലേക്ക് ഇടത്താവളം ആയിട്ടാണ് ഇവിടെ എത്തിച്ചേരുന്നത്. ആളുകൾ കൂടിയതോടെ ചൂഷകർ വർധിച്ചതും ചില ഏജന്റുമാരുടെ കൊള്ളലാഭ കൊതി പ്രവാസികളുടെ മേൽ അടിച്ചേൽപ്പിക്കുന്നതും ഒടുവിൽ അവിടെ ഇറങ്ങിയ ശേഷം കയ്യൊഴിയുന്നതും മാലിദ്വീപ്‌ വഴിയുള്ള യാത്ര പലർക്കും ദുരിതമായിത്തീർന്നിരിക്കുകയാണ്.