റിയാദ്: ഭാര്യയെ മർദ്ദിച്ച് തീക്കൊളുത്തി കൊലപ്പെടുത്തിയ പ്രതിയുടെ വധ ശിക്ഷ നടപ്പാക്കിയതായി സഊദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മഹ്റ ബിൻത് ഹാദി അൽ ഹുസൈനിയെ ക്രൂരമായി കൊലപ്പെടുത്തിയ ഭർത്താവായ സഊദി പൗരൻ ഇബ്രാഹീം ബിൻ അഹ്‌മദ് ആൽ ഹുസൈനെയാണ് ഇന്ന് അബഹയിൽ വധശിക്ഷക്ക് വിധേയനാക്കിയത്.
ഇരുവരും തമ്മിൽ ഉടലെടുത്ത തർക്കം ഒടുവിൽ കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. അരിശം മൂത്ത ഭർത്താവ് ഭാര്യയുടെ തലക്ക് വടി കൊണ്ടടിക്കുകയും ശേഷം തീക്കൊളുത്തുകയുമായിരുന്നു. ഇതേ തുടർന്നാണ് യുവതി മരണപ്പെട്ടത്. അറസ്റ്റ് ചെയ്യപ്പെട്ട പ്രതിക്കെതിരെ അന്വേഷണ ഉദ്യോഗസ്ഥർ സമർപ്പിച്ച തെളിവുകൾ കോടതിക്ക് ബോധ്യപ്പെടുകയും ജനറൽ കോർട്ട് വധ ശിക്ഷ വിധിക്കുകയുമായിരുന്നു. പിന്നീട് അപ്പീൽ, സുപ്രീം കോടതികളും റോയൽ കോർട്ടും ഇത് ശരിവെച്ചതോടെയാണ് ശിക്ഷ നടപ്പാക്കിയത്.
