വിദേശ വനിത ടൂറിസ്റ്റിനെ ശല്യപ്പെടുത്തി: ആറ് യുവാക്കൾക്കെതിരെ കടുത്ത വകുപ്പുകൾ ചുമത്തി

0
2360

റിയാദ്: രാജ്യത്തെത്തിയ വിദേശ വനിത ടൂറിസ്റ്റിനെ ശല്യപ്പെടുത്തി ഉപദ്രവിച്ച യുവാക്കൾക്കെതിരെ അതിശക്തമായ നടപടികളുമായി സഊദി പബ്ലിക് പ്രോസിക്യൂഷൻ. ആറ് യുവാക്കളെയാണ് വിദേശ ടൂറിസ്റ്റ് വനിതയെ ആക്രമിച്ച കേസിൽ അറസ്റ്റ് ചെയ്തത്. കേസിൽ കുറ്റം തെളിഞ്ഞാൽ പ്രതികൾക്ക് 10 വർഷം വരെ തടവുശിക്ഷ ലഭിക്കുമെന്നും അധികൃതർ അറിയിച്ചു. തടവിലാക്കപ്പെട്ട യുവാക്കൾക്കെതിരെ കുറ്റകൃത്യങ്ങളെക്കുറിച്ച് പബ്ലിക് പ്രോസിക്യൂഷനിലെ ബന്ധപ്പെട്ട വകുപ്പ് അന്വേഷണം നടത്തിയിട്ടുണ്ടെന്നും പ്രതികൾ ഇരുപത് വയസിന് മുകളിൽ പ്രായമുള്ളവരും വിചാരണയ്ക്കായി കാത്തിരിക്കുന്നവരുമാണെന്നും അധികൃതർ വെളിപ്പെടുത്തി.

റിയാദിലാണ് വിദേശ വനിത ടൂറിസ്റ്റ് ആക്രമണത്തിനിരയായത്. ഒരു വിദേശ വിനോദ സഞ്ചാരിയുടെ വാഹനത്തിന് ചുറ്റും പ്രതികൾ ഒത്തുകൂടുകയും അനാവശ്യമായ വാക്കുകളും ആംഗ്യങ്ങളും ഉപയോഗിച്ച് യുവതിയെ ഉപദ്രവിക്കുകയും പ്രതികളിൽ ഒരാൾ യുവതിയുടെ വാഹനത്തിൽ തന്റെ വാഹനം തട്ടിക്കുകയും ചെയ്തിരുന്നു. സംഭവത്തിന് ശേഷം പ്രതികൾ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയും ചെയ്തിരുന്നു.

പ്രതികളെ കർശനമായ അന്വേഷണ നടപടിക്രമങ്ങൾക്ക് വിധേയമാക്കിയിട്ടുണ്ടെന്നും വിചാരണ വരെ തടവിൽ പാർപ്പിച്ചിരിക്കുകയാണെന്നും ഉറവിടം വിശദീകരിച്ചു. ഈ തെറ്റായ പെരുമാറ്റങ്ങൾ ഗുരുതരമായ കുറ്റകൃത്യങ്ങളായാണ് കണക്കാക്കപ്പെടുന്നത്. ഒരു വർഷം മുമ്പ് അറ്റോർണി ജനറൽ പുറപ്പെടുവിച്ച തീരുമാനത്തിന് അനുസൃതമായി ശിക്ഷ നൽകപ്പെടും.

പീഡന നിരോധന നിയമത്തിലെ ആർട്ടിക്കിൾ (6/2 d) പ്രകാരമാണ് കുറ്റവാളികൾക്കെതിരെ കുറ്റം ചുമത്തിയിട്ടുള്ളത്. മനപൂർവ്വം നമ്പർ പ്ലേറ്റുകളില്ലാത്ത വാഹനവുമായി ഇടിക്കുകയും സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോകുകയും പൊതു ധാർമ്മികത ലംഘിക്കാൻ ഒത്തുകൂടുകയും ചെയ്തു എന്നതടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. വിനോദസഞ്ചാരികൾക്കെതിരെയുള്ള ഏത് ആക്രമണങ്ങളും കർശനമായി നേരിടുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.