സഊദിയിൽ ദുരിതത്തിലായ മലയാളികൾ ഉൾപ്പെടെ 32 തൊഴിലാളികൾക്ക് സാമൂഹ്യ പ്രവർത്തകർ തുണയായി

0
1412

ദമാം: ജോലിയും ശമ്പളവുമില്ലാതെ ദുരിതത്തിലായ പ്രവാസി തൊഴിലാളികൾക്ക് സാമൂഹ്യ പ്രവർത്തകർ തുണയായി. കിഴക്കൻ സഊദിയിലെ ജുബൈൽ വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്ന ഒരു പ്രീ കാസ്റ്റ് ഫാക്ടറിയിലെ മലയാളികൾ ഉൾെപ്പടെയുള്ള 32 തൊഴിലാളികൾക്കാണ് സാമൂഹിക പ്രവർത്തകരുടെ ഇടപെടൽ ആശ്വാസമായത്. എട്ടുമാസത്തോളമായി ശമ്പള കുടിശ്ശികയുള്ളവരും നാലുവർഷമായി ഇഖാമയില്ലാത്തവരും ഉൾപ്പെടെയുള്ള ഇവർ ഏറെകാലമായി ദുരിത ലോകത്തായിരുന്നു. ഫാക്ടറിക്കെതിരെ നേരത്തേ പരാതി നൽകിയിരുന്നതിനാൽ കോടതി ഫാക്ടറിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുകയും ചെയ്തിരുന്നു.

നിരവധി തവണ ലേബർ ഓഫിസിൽ ചർച്ച നടെന്നങ്കിലും ഫലമുണ്ടാവാത്തതിനെ തുടർന്ന് ജുബൈൽ ലേബർ ഓഫിസ് മലയാളി സാമൂഹ്യ പ്രവർത്തകരുടെ ശ്രദ്ധയിൽ പെടുത്തുകയായിരുന്നു. ജുബൈലിലെ സാമൂഹിക പ്രവർത്തകനും പ്രവാസി സാംസ്കാരിക വേദി വെൽഫെയർ വിങ്ങിെൻറ കോഓർഡിനേറ്ററുമായ സൈഫുദ്ദീൻ പൊറ്റശ്ശേരിയോട് പ്രശ്നത്തിൽ ഇടപെടാൻ ആവശ്യപ്പെട്ടു. സൈഫുദ്ദീനും മറ്റൊരു സന്നദ്ധ പ്രവർത്തകനായ യാസീൻ അഹമ്മദും തൊഴിലാളികളുമായും മാനേജ്മെൻറുമായും വെവ്വേറെയും ഒരുമിച്ചും നടത്തിയ ചർച്ചയിൽ ഇരുവർക്കും അനുകൂലമായ തീരുമാനത്തിലെത്തുകയായിരുന്നു.

തൊഴിലാളികളുടെ ശമ്പള കുടിശ്ശിക നൽകാമെന്നും ഇഖാമയും മെഡിക്കൽ ഇൻഷുറൻസും പുതുക്കിനൽകാമെന്നും ഡിസംബർ അവസാനത്തോടെ എല്ലാ പ്രശ്നങ്ങളും തീർക്കാമെന്നും മാനേജ്മെൻറ് രേഖാമൂലം ഉറപ്പുനൽകിയിട്ടുണ്ട്. ഇക്കാര്യം ഫാക്ടറി മാനേജ്മെൻറ് ജുബൈൽ ലേബർ ഓഫിസറുടെ സാന്നിധ്യത്തിൽ ഒപ്പ് വെക്കുകയും ചെയ്തിട്ടുണ്ട്. പരിഹാരമാർഗ്ഗം കണ്ടെത്തിയതോടെ ബാങ്ക് അക്കൗണ്ട് പ്രവർത്തനക്ഷമമായതിനു പിന്നാലെ കുടിശ്ശിക ശമ്പളം ജീവനക്കാർക്ക് നൽകിത്തുടങ്ങി. തൊഴിൽ തർക്കത്തെ തുടർന്ന് മാറിനിന്നവർ ഉൾെപ്പടെ എല്ലാവരും ജോലിക്ക് ഹാജരാവുകയും ഫാക്ടറി പൂർണ പ്രവർത്തനത്തിലേക്ക് വരുകയും ചെയ്തിട്ടുണ്ട്.