റിയാദ്: സഊദിയിൽ നിയമ ലംഘകർക്കെതിരെയുള്ള തിരച്ചിൽ ശക്തമായി തുടരുന്നു. ഒരാഴ്ചക്കിടെ രാജ്യത്തെ ഇഖാമ, തൊഴിൽ, അതിർത്തി നിയമ ലംഘകരായ പതിമുവ്വായിരത്തോളം പേരെയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി അറസ്റ്റ് ചെയ്തത്. ഏതാനും ആഴ്ചകളായി ശക്തമായ തിരച്ചിൽ തുടരുകയാണ്.
കഴിഞ്ഞ ഒരാഴ്‌ചക്കുള്ളിൽ മാത്രം 12,862 നിയമ ലംഘകരെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഇവരിൽ 4366 ഇഖാമ നിയമ ലംഘകരും 1127 തൊഴിൽ നിയമ ലംഘകരും 7369 അതിർത്തി നിയമ ലംഘകരും ഉൾപ്പെടുന്നു. കൂടാതെ, അനധികൃതമായി അതിർത്തിക്കുള്ളിലേക്ക് നുഴഞ്ഞ് കയറാൻ ശ്രമിച്ചതിനു 292 പേരെയും പിടികൂടിയിട്ടുണ്ട്. ഇവരിൽ 48 ശതമാനവും യമനികളും 43 ശതമാനവും എത്യോപ്യക്കാരും 9 ശതമാനം മറ്റു രാജ്യക്കാരുമാണ്.
അനധികൃതമായി സഊദിക്ക് പുറത്തേക്ക് കടക്കാൻ ശ്രമിച്ച 7 പേരെയും നിയമ ലംഘകർക്ക് അഭയം നൽകിയ 3 പേരെയും പിടികൂടിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.




