സഊദിയിൽ ഈ വിഭാങ്ങളെ കൂടി വാക്സിൻ ഇളവിൽ ഉൾപ്പെടുത്തി

0
2853

റിയാദ്: സഊദിയിൽ ചില വിഭാങ്ങളെ കൂടി വാക്സിൻ ഇളവ് ലഭിക്കുന്ന വിഭാഗത്തിൽ ഉൾപ്പെടുത്തിയതായി ആരോഗ്യ ആരോഗ്യ മന്ത്രാലയം അറിയിച്ചു. നേരത്തെ അലർജി പോലുള്ള അസുഖങ്ങൾ കാരണം വാക്സിൻ സ്വീകരിക്കാൻ പ്രയാസമുള്ളവർക്ക് ഇളവ് നൽകിയിരുന്നു. ഇവർക്ക് പുറമെയാണ് ഏതാനും ചില വിഭാഗങ്ങളെ കൂടി ഉൾപ്പെടുത്തിയത്.

ഫൈസർ, മോഡേണ എന്നീ വാക്സിനുകളിലെ പോളിയെത്തിലീൻ ഗ്ലൈക്കോൾ, ആസ്ട്ര സെനിക്ക വാക്സിനിലെ പോളിസോർബേറ്റ് എന്നീ ഘടകങ്ങൾ കാരണം ഫസ്റ്റ് ഡോസ് എടുത്ത ആർക്കെങ്കിലും കടുത്ത ആരോഗ്യ പ്രശ്നമുണ്ടെങ്കിൽ അവർക്ക് സെക്കൻഡ് ഡോസ് എടുക്കുന്നതിൽ ഇളവ് നൽകും.

അതോടൊപ്പം, കാൻസർ, വാത രോഗങ്ങൾ എന്നിവയുള്ളവർകും തുടർച്ചയായ ഗർഭച്ഛിദ്രങ്ങൾക്ക് ശേഷം സങ്കീർണ്ണമായ അവസ്ഥയിൽ ഗർഭം ധരിച്ചവർക്കും വാക്സിൻ സ്വീകരിക്കുന്നത് താൽക്കാലികം നീട്ടിവെക്കാം.

എന്നാൽ, ഇത്തരം ആളുകൾക്ക് ഇളവുകൾ വേണമെന്നുണ്ടെങ്കിൽ കൊവിഡ് വാക്സിൻ സ്വീകരിക്കുന്നതിൽ നിന്നും ഇളവ് ആവശ്യമുണ്ടെന്ന് വ്യക്തമാക്കുന്ന ഡോക്ടർമാരുടെ റിപ്പോർട്ട് നിർബന്ധമാണെന്നും ബന്ധപ്പെട്ടവർ വ്യക്തമാക്കി. വാക്സിനേഷനിൽ നിന്ന് ഇളവ് ആവശ്യമുള്ളവർ ബന്ധപ്പെട്ട രേഖകൾ സഹിതം exempt@moh.gov.sa എന്ന ഈമെയിലിലേക്ക് അപേക്ഷ നൽകുകയും പരിശോധനകൾക്ക് ശേഷം അപ്രൂവൽ ലഭിച്ചാൽ ഇവർക്ക് ഇളവ് ലഭിക്കും.

ഇവർക്ക് തവക്കൽനയിൽ പ്രത്യേക സ്റ്റാറ്റസ് ആയിരിക്കും കാണിക്കുക. ഇത്തരക്കാർക്കായി തവക്കൽനയിൽ അടുത്തിടെ പുതിയ പ്രത്യേക സ്റ്റാറ്റസ് (exempted) കൂട്ടിച്ചേർത്തിട്ടുണ്ട്. ഈ സ്റ്റാറ്റസ് കാണിച്ച് ഇവർക്ക് ഇമ്യൂൺ പ്രകാരം പ്രവേശനം അനുവദിക്കുന്ന സ്ഥലങ്ങളിലെല്ലാം പ്രവേശനം സാധ്യമാകും.