റിയാദ്: സഊദിയിൽ വ്യവസ്ഥകൾ പാലിച്ച് ആഭ്യന്തര സർവ്വീസുകളിൽ വിമാനത്തിലെ മുഴുവൻ സീറ്റുകളിലും യാത്രക്കാരെ അനുവദിക്കാൻ തീരുമാനം. ആരോഗ്യ മന്ത്രാലയവുമായി ഏകോപിപ്പിച്ച് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ ആണ് തീരുമാനം കൈകൊണ്ടത്. സെപ്റ്റംബർ ഒന്ന് മുതൽ മുഴുവൻ ആഭ്യന്തര സർവ്വീസുകളിലും മുഴുവൻ സീറ്റ് ശേഷിയും ഉപയോഗിക്കാനാണ് തീരുമാനം.
എന്നാൽ, എല്ലാ യാത്രകാരും രണ്ട് ഡോസ് ഉപയോഗിച്ച് പൂർണ്ണമായി കുത്തിവയ്പ്പ് എടുത്തവരായിരിക്കണമെന്ന നിബന്ധനയുണ്ട്. അതെസമയം, വാക്സിൻ എടുക്കാൻ ബാധ്യതയില്ലാത്ത 12 വയസ്സിന് താഴെയുള്ള കുട്ടികൾ, പ്രത്യേക ആരോഗ്യ രോഗമുള്ളവർ തുടങ്ങി ഒഴിവാക്കപ്പെട്ടവർക്ക് ഇതിൽ ഇളവുകളുണ്ട്.
വിഖായ പുറപ്പെടുവിച്ച ആഭ്യന്തര, അന്തർദേശീയ വ്യോമയാന പ്രോട്ടോക്കോളുകളിൽ അടങ്ങിയിരിക്കുന്ന മുഴുവൻ പ്രതിരോധ നടപടികളുടെ പൂർണ്ണമായും പാലിച്ചിരിക്കണമെന്നും സിവിൽ എവിയേഷൻ അറിയിച്ചു.
