ജിദ്ദ: സമസ്ത ഇസ്‌ലാമിക് സെന്റർ ജിദ്ദ സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രവാസികൾക്കായി തായിഫ് ചരിത്ര പഠന – വിനോദ യാത്ര സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 27 വെള്ളിയാഴ്ചയാണ് തായിഫ് യാത്ര സംഘടിപ്പിക്കുന്നത്. രാവിലെ 6 മണിക്ക് ഷറഫിയയിൽ നിന്നും പുറപ്പെട്ടു മക്കയിലെ ചരിത്ര പ്രധാന സ്ഥലങ്ങൾ സന്ദർശിച്ച ശേഷം തായിഫിലേക്ക് പോകും. തായിഫിൽ പ്രവാചകൻ മുഹമ്മദ് (സ) യുമായി ബന്ധപ്പെട്ടതുൾപ്പെടെ നിരവധി ചരിത്ര പ്രധാന സ്ഥലങ്ങൾ സന്ദർശിക്കുന്നതോടൊപ്പം മനസ്സിനും ശരീരത്തിനും കുളിരേകുന്ന പ്രകൃതി രമണീയമായ നിരവധി സ്ഥലങ്ങളും സന്ദർശിക്കും. അതിന് ശേഷം അർദ്ധ രാത്രിയോടെ ജിദ്ദയിൽ തിരിച്ചെത്തുന്ന രൂപത്തിലാണ് യാത്ര പരിപാടി.
നിലവിലെ പ്രത്യേക സാഹചര്യത്തിൽ പ്രവാസികൾക്ക് വിജ്ഞാനവും വിനോദവും ലഭിക്കുന്ന തായിഫ് ടൂറിൽ പങ്കെടുക്കുന്നവർ ഉടനെ ബുക്ക് ചെയ്യണമെന്ന് എസ് ഐ സി ടൂർ വിംഗ് ചെയർമാൻ മുസ്തഫ പട്ടാമ്പി, കൺവീനർ കുഞ്ഞാലി കുറ്റിപ്പുറം, കോഓർഡിനേറ്റർ അക്ബർ അലി മോങ്ങം എന്നിവർ അഭ്യർത്ഥിച്ചു.