താമസസ്ഥലത്ത് തീപിടിത്തം; അബൂദബിയിൽ പുക ശ്വസിച്ച് മലയാളി മരിച്ചു

0
1806

അബൂദബി: താമസ സ്ഥലത്തുണ്ടായ തീപിടുത്തത്തിൽ പുക ശ്വസിച്ച് മലയാളി മരിച്ചു. കൊല്ലം അഞ്ചൽ എരൂർ ഷെഫീന മൻസിലിൽ മീരാ സാഹിബിെൻറ മകൻ റഫീഖ് മസൂദ് (37) ആണ് മുസഫ വ്യവസായ നഗരിയിലെ സെക്ടർ 37 ലെ താമസസ്ഥലത്തുണ്ടായ തീപിടിത്തത്തെ തുടർന്ന് മരിച്ചത്. പാൻട്രിയിൽ ഭക്ഷണം കഴിക്കുന്നതിനിടെയാണ് മസൂദിന്റെ മരണം.

വെള്ളിയാഴ്ച ഉച്ചക്ക് 2.50 നാണ് അപകടമുണ്ടായത്. എയർ കണ്ടീഷൻ ഷോർട് സർക്യൂട്ടിനെ തുടർന്ന് തീപടരുകയായിരുന്നു. പുകപടലം പടരുന്നതിനിടെ കെട്ടിടത്തിലുണ്ടായിരുന്ന 20 ഓളം ജീവനക്കാർ ഓടിരക്ഷപ്പെട്ടെങ്കിലും റഫീഖ് മാത്രം കുഴഞ്ഞുവീഴുകയായിരുന്നു. അബൂദബി അഗ്നിശമന സേനയും പൊലീസും സ്ഥലത്തെത്തി അബോധാവസ്ഥയിലായ റഫീഖിനെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. താമസസ്ഥലത്തെ 80 ശതമാനം ജീവനക്കാരും അപകടസമയത്ത് ഡ്യൂട്ടിയിലായിരുന്നത് അപകടത്തിെൻറ തീവ്രത കുറച്ചു. കെട്ടിടത്തിലെ രണ്ടാം നിലയിലെ പാൻട്രിയിലായിരുന്നു അപകട സമയത്ത് റഫീഖ്.

അബൂദബി അൽ ഷഹാമ റോഡിലെ ഡിയർ ഫീൽഡ് മാളിലെ സതേൺ ഫ്രൈഡ് ചിക്കൻ ബ്രാഞ്ചിലെ സീനിയർ അസോസിയേറ്റീവ് ആയിരുന്നു റഫീഖ്. ഈ സ്ഥാപനത്തിലെ ജീവനക്കാരാണ് ഇവിടെ താമസിക്കുന്നത്. മാതാവ്: റഷീദ. ഭാര്യ: ഷെഫീന. ഒരു കുട്ടിയുണ്ട്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുമെന്ന് എസ്.എഫ്.സി മാനേജ്‌മെൻറ് അറിയിച്ചു.