സഊദിയിൽ വിവാഹത്തിന്റെ ഒരാഴ്ച പിന്നിടും മുമ്പ് ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി, ഭർത്താവ് പോലീസ് പിടിയിൽ

0
3606

മക്ക: വിവാഹം കഴിഞ്ഞ് ഒരാഴ്ച്ച പിന്നിടും മുമ്പ് തന്നെ ഭാര്യയെ നിഷ്ടൂരമായി കൊലപ്പെടുത്തി. മക്കയിലാണ് മുപ്പത്കാരനായ ഭർത്താവ് തന്റെ ഭാര്യയെ കല്ലെറിഞ്ഞും വാഹഹനം ഇടിപ്പിച്ചും കൊലപ്പെടുത്തിയത്. സംഭവത്തിൽ പ്രതിയായ ഭർത്താവിനെ അറസ്റ്റ് ചെയ്തതായി മക്ക പോലീസ് അറിയിച്ചു . ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് നാടിനെ നടുക്കിയ ദാരുണ സംഭവം അരങ്ങേറിയത്.

റവാൻ അൽ ഗാംദി എന്ന ഇരുപത്കാരിയായ യുവതിയാണ് തായ്ഫിലെ അൽ സെയിൽ അൽ കബീർ റോഡിൽ വിവാഹിതനായ ഒരാഴ്ച കഴിഞ്ഞ് ഭർത്താവിന്റെ കൈകളാൽ കൊല്ലപ്പെട്ടത്. യുവതിയും ഭർത്താവും ജിദ്ദയിൽ നിന്ന് വീട്ടിലേക്ക് പോകുമ്പോൾ  തായിഫിൽ വെച്ചായിരുന്നു കൊലപാതകം. യുവതിയുടെ സ്വർണ്ണം എടുക്കുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ തർക്കം ഉടലെടുത്തിരുന്നു. പ്രശ്നം യുവതി വീട്ടിൽ അറിയിച്ചിരുന്നുവെങ്കിലും ആളുകളുടെ വാക്കുകളെ ഭയന്ന് ബന്ധുക്കൾ അവളെ സമാധാനിപ്പിക്കാനും വിവാഹത്തിന്റെ ആദ്യ ദിവസം തിരിച്ചുവരാതിരിക്കാൻ പ്രേരിപ്പിക്കാനും ശ്രമിച്ചിരുന്നു.

ഇതിനിടെ വീട്ടിലേക്ക് പോകുന്ന വേളയിൽ ഇരുവരും തമ്മിൽ വാക്ക് തർക്കം രൂക്ഷമാകുകയും കാർ നിർത്തിയതോടെ യുവതി കാറിൽ നിന്നിറങ്ങുകയും ക്ഷുഭിതനായ ഭർത്താവ് യുവതിയെ തള്ളിയിട്ടു കല്ലുകൾ കൊണ്ട് ഇടിക്കുകയും കാർ ദേഹത്തേക്ക് ഓടിച്ചു കയറ്റുകയുമായിരുന്നു. പിന്നീട് ഇവിടെ നിന്നും രക്ഷപ്പെട്ട പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇതിലൂടെ കടന്ന് പോയ മറ്റുള്ളവരാണ് യുവതിയുടെ മൃതദേഹം കണ്ടെത്തി പോലീസിൽ വിവരമറിയിച്ചത്.