ത്വായിഫ്: ഗിന്നസ് റെക്കോർഡിലേറിയ ത്വായിഫിലെ ലൈറ്റുകൾ കൊണ്ടുള്ള ഒട്ടക രൂപം ശ്രദ്ധേയമാകുന്നു. ലോകത്തിലെ ഏറ്റവും വലിയ ഒട്ടക പകർപ്പാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. 2019 മധ്യത്തിൽ ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ്സ് അംഗീകരിച്ച ലൈറ്റുകൾ കൊണ്ടുള്ള ഈ ഒട്ടക രൂപം രണ്ട് വർഷം മുമ്പ് സഊദി ഒട്ടക ഫെഡറേഷന്റെ പ്രസിഡന്റ് പ്രിൻസ് ഫഹദ് ബിൻ ജലവി ബിൻ അബ്ദുൽ അസീസ് ആണ് പ്രകാശനം ചെയ്തത്.
10 മീറ്റർ വീതിയും 4.65 മീറ്റർ ഉയരമുള്ള ഒട്ടക പ്രതിരൂപം ഒരു സ്റ്റീൽ അടിത്തറയിലാണ് സ്ഥാപിച്ചിരിക്കുന്നത്. ജ്യാമിതീയ രൂപങ്ങളിൽ രൂപകൽപ്പന ചെയ്ത ഇതിൽ 51,000 ലൈറ്റുകൾ ആണ് പ്രകാശം പരത്തുന്നത്. ഗിന്നസ് റെക്കോർഡ് കരസ്ഥമാക്കിയതോടെ രാജ്യത്തിന്റെ അകത്തും പുറത്തുമുള്ള വിനോദസഞ്ചാരികളുടെ ഒരു പ്രധാന ലക്ഷ്യസ്ഥാനവുമാക്കി ഇത് മാറ്റിയെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
787 റൗണ്ടുകളിൽ മത്സരിച്ച 11,186 ഒട്ടകങ്ങളുടെ റെക്കോർഡ് പങ്കാളിത്തത്തോടെ, ലോകത്തിലെ ഏറ്റവും വലിയ ഒട്ടക കായികമേളയായി ഫെസ്റ്റിവലിന്റെ ആദ്യ പതിപ്പ് സജ്ജീകരിച്ച ശേഷം കിരീടാവകാശി ഒട്ടകമേളയിൽ പ്രഖ്യാപിച്ച രണ്ടാമത്തെ ഗിന്നസ് റെക്കോർഡാണ് ലൈറ്റുകളാൽ അണിഞൊരുങ്ങി നിൽക്കുന്ന ഈ ഭീമൻ ഒട്ടക രൂപം.




