റിയാദ്: എംബസി ഉദ്യോഗസ്ഥനായി ചമഞ്ഞെത്തിയ മലയാളിയുടെ തട്ടിപ്പിൽ കുടുങ്ങി കെണിയിൽ പെട്ട തൃശൂർ സ്വദേശി രണ്ട് വർഷത്തെ ദുരിതത്തിന് ശേഷം നാടണഞ്ഞു. തൃശൂർ പറമ്പിൽ സ്വദേശി സൈനുലാബിദീനാണ് സാമൂഹിക പ്രവർത്തകരുടെ ഇടപെടലിനാൽ നാടണഞ്ഞത്. ആരോഗ്യപ്രശ്‌നങ്ങൾമൂലം ജോലിചെയ്യാനാകാതെ ദുരിതത്തിലായ ഇദ്ദേഹത്തെ സഹായിക്കാനായി എംബസി ഉദ്യോഗസ്ഥനായി ചമഞ്ഞെത്തിയ മലയാളിയുടെ മോഹന വാഗ്ദാനങ്ങളിൽ കുടുങ്ങിയതോടെ ആകെ ദുരിതത്തിലാകുകയായിരുന്നു. തുടർന്നാണ് സാമൂഹ്യ പ്രവർത്തകരുടെ സഹായത്തോടെ നാട്ടിലേക്ക് പോകാനുള്ള വഴി ഒരുങ്ങിയത്. തന്റെ അസുഖം സ്‌പോൺസറെ പലതവണ വിഷയം ധരിപ്പിച്ചെങ്കിലും അദ്ദേഹം ചെവിക്കൊണ്ടില്ല. ഒടുവിൽ രോഗം മൂർച്ഛിക്കുകയും ദുരിതത്തിലാവുകയും ചെയ്യുകയായിരുന്നു. ഇതിനിടെയാണ് മലയാളിയുടെ കെണിയിൽ വീണ് പോയത്.
ദുരിതത്തിലായ ഇദ്ദേഹത്തെ സഹായിക്കാമെന്നേറ്റ് മലയാളിയായ ഒരാൾ സൈനുലാബിദീനെ സമീപിക്കുകയും എംബസി ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് വാഗ്ദാനം നൽകി രേഖകൾ കൈക്കലാക്കുകയും ചെയ്യുകയായിരുന്നു. ദിവസങ്ങൾക്ക് ശേഷം ഇയാൾ വിളിച്ച്, പിഴയുണ്ട് അത് അടച്ചാലേ യാത്രാവിലക്ക് മാറൂ എന്ന് പറഞ്ഞ് കബളിപ്പിക്കുകയായിരുന്നു. പിഴ അടക്കാനായി 12,000 റിയാൽ ആവശ്യപ്പെടുകയും ചെയ്തു. ഇതേ തുടർന്ന് പലരിൽ നിന്നായി സൈനുലാബിദീൻ പണം തരപ്പെടുത്തിക്കൊടുക്കുകയും യാത്രക്കായി കാത്തിരിക്കുകയുമായിരുന്നു. പക്ഷെ, മാസങ്ങളുടെ നീണ്ട കാത്തിരിപ്പിനൊടുവിലാണ് താൻ കബളിപ്പിക്കപ്പെട്ടുവെന്ന് ബോധ്യമായത്. ഇതോടെ, രോഗവും മാനസികസംഘർഷവും രോഗം ഇരട്ടിയാക്കുകയും ചെയ്തു.
ഒടുവിൽ ഇദ്ദേഹത്തിെൻറ നിസ്സഹായത മനസ്സിലാക്കിയ റിയാദ് കെ.എം.സി.സി തഖസുസി ഏരിയ സെക്രട്ടറി യു. മുസ്‌തഫ ചെമ്മാട്, ട്രഷറർ അനസ് കൊടുവള്ളി, കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ സിദ്ദീഖ് തുവ്വൂർ, കൺവീനർമാരായ മഹ്ബൂബ്, ഷിഹാബ് പുത്തേഴത്ത് എന്നിവർ വിഷയത്തിൽ ഇടപെട്ട് എംബസി വഴി രണ്ട് വർഷത്തെ ജവാസത്ത് ഫീസടച്ച് തർഹീൽ വഴി എംബസി ഉദ്യോഗസ്ഥരായ ആഷിക്, ഷറഫ് എന്നിവരുടെ സഹായത്താൽ ഫൈനൽ എക്സിറ്റ് നേടിയെടുക്കുകയായിരുന്നു. നടപടികൾ പൂർത്തീകരിച്ച് കഴിഞ്ഞ ദിവസം റിയാദിൽനിന്ന് കൊച്ചിയിലേക്ക് സൈനുലാബിദീനെ യാത്രയാക്കി.
ഈ വ്യാജ ഏജൻറ് നിരവധി മലയാളികളിൽനിന്ന് ഇത്തരത്തിൽ രേഖകളും പണവും കൈപ്പറ്റിയതായി പരാതിയുണ്ട്. എംബസി ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞ് ഇത്തരത്തിൽ പലരും പ്രവാസികളെ സമീപിക്കുന്നുണ്ടെന്നും ഇത്തരം കബളിപ്പിക്കപ്പെടലിൽ പ്രവാസികൾ പെട്ടുപോകരുതെന്നും സാമൂഹ്യ പ്രവർത്തകൻ സിദ്ധീഖ് തുവ്വൂർ പറഞ്ഞു.