റിയാദ്: പ്രകൃതിയിൽ നിന്ന് ഊർജ്ജം ഉത്പാടിപ്പിക്കുകയെന്ന ലക്ഷ്യവുമായി സഊദി അറേബ്യ കാറ്റിൽ നിന്ന് വൈദ്യുത ഉത്പാദനത്തിനുള്ള ട്രയൽ റൺ പ്രവർത്തനങ്ങൾ തുടങ്ങി. വടക്കു പടിഞ്ഞാറ് മേഖലയിലെ അൽജൗഫിലാണ് വിശാലമായ കാറ്റാടി വൈദ്യുത പ്ലാന്റ് നിർമ്മാണം നടക്കുന്നതത്. 400 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാൻ ശേഷിയുള്ള പദ്ധതി ഊർജ മന്ത്രാലയത്തിെന്റെ വികസന ഓഫിസിൻെറയും മസ്ദർ കമ്പനിയുടേയും സംയുക്ത സംരംഭമായാണ് ഉയരുന്നത്. നിർമ്മാണം പൂർത്തിയാകുന്നതോടെ മിഡിൽ ഈസ്റ്റിലെ തന്നെ ഏറ്റവും വലിയ ഊർജ്ജ ഉൽപാദന കാറ്റാടി പ്ലാന്റ് ആയി ഇത് മാറും.
സഊദി വിഷൻ 2030 ൻറ ഭാഗമായി രാജ്യത്തെ 50 ശതമാനം വൈദ്യുതി പ്രകൃതിയുടെ ഊർജ്ജം സ്രോതസ്സുകളിൽനിന്ന് ഉൽപാദിപ്പിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് പുതിയ കാറ്റാടിപ്പാടം നിർമിക്കുന്നത്. ആഭ്യന്തര ഉൽപാദനത്തിൽ പ്രതിവർഷം 150 ദശലക്ഷം ഡോളർ സംഭാവന ചെയ്യാൻ ഈ പ്ലാൻറിന് കഴിയും. 2022ൽ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്ന ഈ പ്ലാന്റിൽ നിന്ന് ഏതാണ്ട് 70,000 വീടുകൾക്ക് ആവശ്യമായ വൈദ്യുതി വിതരണം ചെയ്യാൻകഴിയും. ശക്തമായ കാറ്റ് വീശുന്ന മേഖലയായതിനാൽ ശരാശരി 1.4 വാട്ട് വൈദ്യുതി ഉൽപാദനം സാധ്യമാകും.
സഊദി തലസ്ഥാന നഗരിയിൽ നിന്ന് 900 കിലോമീറ്റർ അകലെ അൽജൗഫ് പ്രവിശ്യയിലെ ദൂമതുൽ ജൻദൽ പ്ലാൻറ് രാജ്യത്തെ ആദ്യ കാറ്റിൽനിന്നുള്ള ഊർജ്ജ കേന്ദ്രമാണ്. സഊദി ഇലക്ട്രിസിറ്റി കമ്പനിയുടെ അനുബന്ധ സ്ഥാപനമായ സഊദി പവർ പ്രൊക്യുർമെൻറ് കമ്പനിയുമായി 20 വർഷത്തെ വൈദ്യുതി വാങ്ങൽ കരാറിൽ പ്ലാൻറ് ഒപ്പിട്ടുകഴിഞ്ഞു. കാറ്റാടി വൈദ്യുതി നിലയത്തിെൻറ നിർമണചെലവ് 500 ദശലക്ഷം റിയാൽ ആണ്. പ്ലാന്റിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഊർജ്ജ മന്ത്രാലയം പുറത്ത് വിട്ടു.
പുനരുപയോഗ ഊർജ സ്രോതസ്സുകളിൽനിന്ന് വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള മന്ത്രാലയത്തിന്റെ ആദ്യ ചുവടുവെപ്പാണ് ദൂമതുൽജൻദൽ കാറ്റാടി വൈദ്യുത നിലയം. കൂടാതെ, സൂര്യപ്രകാശത്തിൽനിന്ന് വൈദ്യുതി ഉൽപാദിപ്പിക്കുന്ന സകാകയിലെ സോളാർ പ്രോജക്ടും ഇതിെൻറ ഭാഗമാണ്.