കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളിൽ നിന്ന്​ നാളെ മുതൽ അബൂദബി സർവീസ്​ തുടങ്ങും

0
2714

അബുദാബി: ദുബൈ, ഷാർജ എന്നിവക്ക്​ പുറമെ അബൂദബി വിമാനത്താവളത്തിലേക്ക്​ ഇന്ത്യയിൽ നിന്നുള്ള വിമാന സർവീസ്​ ശനിയാഴ്​ച മുതൽ ഭാഗികമായി പുനഃരാരംഭിക്കുമെന്ന് റിപ്പോർട്ടുകൾ. യു.എ.ഇയിലേക്കുള്ള ഇന്ത്യക്കാരുടെ യാത്രാവിലക്ക്​ പിൻവലിച്ചെങ്കിലും അബൂദബിയിലേക്ക്​ സർവീസ്​ തുടങ്ങിയിരുന്നില്ല. അബുദാബി സർവീസുമായി ബന്ധപ്പെട്ട ചില ആശങ്കകൾ നൽകുന്ന വാർഥാകൾ പ്രചരിക്കുന്നതിനിടെയാണ് ഏറ്റവും പുതിയ റിപ്പോർട്ട് പുറത്ത് വന്നിരിക്കുന്നത്. നേരത്തെ ആഗസ്​റ്റ്​ പത്ത്​ മുതൽ തുടങ്ങുമെന്നായിരുന്നു എയർഇന്ത്യയും ഇത്തിഹാദും അറിയിച്ചിരുന്നത്​. എന്നാൽ, കൊച്ചി, തിരുവനന്തപുരം, ചെന്നൈ, ബംഗളൂരു, ന്യൂഡൽഹി എന്നീ വിമാനത്താവളങ്ങളിൽ നിന്നുള്ള സർവീസ്​ ശനിയാഴ്​ചക്കും തിങ്കളാഴ്​ചക്കുമിടയിൽ തുടങ്ങുമെന്ന്​ ഇത്തിഹാദ്​ വ്യക്​തമാക്കി.

ഇത് കൂടാതെ, ആഗസ്​റ്റ്​ പത്ത്​ മുതൽ മറ്റ്​ നഗരങ്ങളിൽ നിന്നും സർവീസ്​ പുനഃരാരംഭിക്കും. ഇന്ത്യയിൽ നിന്ന് അഹ്​മദാബാദ്​, ഹൈദരാബാദ്​, മുംബൈ, പാകിസ്ഥാനിൽ നിന്ന് കറാച്ചി, ലാഹോർ, ഇസ്​ലാമാബാദ്​, കൂടാതെ, ധാക്ക, കൊളംബോ എന്നീ വിമാനത്താവളങ്ങളാണ്​ ആഗസ്​റ്റ്​ പത്ത്​ മുതലുള്ള സർവീസിൽ ഉൾപെടുത്തിയിരിക്കുന്നത്​. ഇത്തിഹാദിന്റെ വെബ്​സൈറ്റിലാണ്​ ഇക്കാര്യം വ്യക്​തമാക്കിയിരിക്കുന്നത്​.

ദുബൈ, ഷാർജ വിമാനത്താവളങ്ങളിലേക്ക്​ കേരളത്തിൽ നിന്ന്​ വ്യാഴാഴ്​ച മുതൽ സർവീസ്​ തുടങ്ങിയിരുന്നുവെങ്കിലും മറ്റിടങ്ങളിലേക്ക് സർവ്വീസുകൾ ആരംഭിച്ചിരുന്നില്ല. നിലവിൽ അബൂദബിയിലേക്കുള്ള യാത്രക്കാർ ദുബൈ, ഷാർജ വിമാനത്താവളങ്ങൾ വഴിയാണ്​ യുഎഇയിലേക്ക് എത്തുന്നത്​. അബുദാബിയിലേക്ക് കൂടി കൂടുതൽ സർവ്വീസുകൾ ആരംഭിക്ക്ന്നതോടെ പ്രവാസികൾക്ക്​ നേരിട്ട്​ അബൂദബിയിൽ ഇറങ്ങാൻ കഴിയും.

അതേസമയം, അബൂദബി, റാസൽഖെമ വിമാനത്താവളങ്ങളിൽ എത്തുന്നവർക്ക്​ പത്ത്​ ദിവസത്തെ ക്വാറൻറീൻ നിർബന്ധമാണ്​. വിമാനത്താവളത്തിൽ നിന്ന്​ തന്നെ ഹാൻഡ്​ ബാൻഡ്​ ധരിക്കണം. നാലാം ദിവസവും എട്ടാം ദിവസവും പി.സി.ആർ പരിശോധന നടത്തണം. എട്ടാം ദിവസത്തെ പരിശോധനയിൽ നെഗറ്റീവ്​ ഫലമാണ്​ ലഭിക്കുന്നതെങ്കിൽ പത്താം ദിവസം ഹാൻഡ്​ ബാൻഡ്​ അഴിക്കുകയും പുറത്തിറങ്ങുകയും ചെയ്യാം.