സഊദിയിൽ വിദ്യാലയങ്ങൾ തുറക്കുമ്പോൾ വിമാന സർവ്വീസ് ആരംഭിക്കുമോ? പ്രതീക്ഷയോടെ പ്രവാസികളും കുടുംബങ്ങളും

0
2930

റിയാദ്: സഊദിയിൽ അടുത്ത അധ്യയന വർഷത്തോടെ വിദ്യാലയങ്ങൾ തുറക്കുകയും 12 വയസിനു മുകളിലുള്ള വിദ്യാർഥികൾക്ക് വിദ്യാലയങ്ങളിലേക്ക് പ്രവേശനം അനുവദിക്കുകയും ചെയ്യുമെന്ന സഊദി ആരോഗ്യ മന്ത്രാലയ തീരുമാനത്തിൽ ഏറെ പ്രതീക്ഷയോടെ കഴിയുകയാണ് സഊദി പ്രവാസികളും പ്രവാസി കുടുംബങ്ങളും. രാജ്യത്തെ വിദേശ സ്കൂളുകൾ അടക്കം മുഴുവൻ വിദ്യഭ്യാസ സ്ഥാപനങ്ങളും തുറക്കുന്നതോടെ രാജ്യം പൂർണമായും പഴയ നിലയിലേക്ക് മടങ്ങുകയും അതോടൊപ്പം പൂർണ്ണ വാക്സിൻ സ്വീകരിച്ചവർക്ക് നേരിട്ട് പ്രവേശനം അനുവദിക്കുകയും ചെയ്യുമെന്നാണ് പ്രവാസികളുടെ പ്രതീക്ഷ. സ്കൂൾ തുറക്കുമെന്ന പ്രഖ്യാപനം വന്നതോടെ സഊദിയിലേക്ക് തിരിച്ചുവരാനാകാതെ സ്വന്തം രാജ്യങ്ങളിൽ കഴിയുന്ന പ്രവാസികളുടെ മക്കൾ ഇതോടെ പ്രതിസന്ധിയിലാണെങ്കിലും യാത്രാ അനുകൂല പ്രഖ്യാപനം ഉണ്ടാകുമെന്ന കടുത്ത പ്രതീക്ഷയിലാണ്.

നിലവിൽ ആയിരക്കണക്കിനു വിദ്യാർഥികളും നൂറുകണക്കിന് അധ്യാപകരും ഇതര ജീവനക്കാരും മധ്യവേനലവധിയിൽ നാട്ടിലാണ്. സ്‌കൂളുകൾ തുറക്കുമ്പോഴേക്കും ഇവർക്ക് മടങ്ങിയെത്തേണ്ടത് അനിവാര്യമാണ്. സ്‌കൂളുകള്‍ തുറക്കുന്നതോടെ ഇവര്‍ക്ക് മടങ്ങിയെത്തേണ്ടതുണ്ട്. അതിനാല്‍ പരിമിതമായ തോതിലെങ്കിലും ഒക്ടോബറോടെ വിമാന സര്‍വീസുകള്‍ പുനഃരാരംഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് ട്രാവല്‍ രംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നത്. നിലവിലെ സാഹചര്യത്തിൽ ഉലകം ചുറ്റിയുള്ള ഈ യാത്ര ഏറെ ശ്രമകരമാണ്. എന്നാൽ യു.എ.ഇ, ഖത്തർ, കുവൈത്ത് എന്നീ രാജ്യങ്ങൾ പൂർണ്ണ വാക്സിനെടുത്ത, റസിഡൻറ് വിസയുള്ള ഇന്ത്യക്കാർക്ക് നേരിട്ടു മടങ്ങിയെത്താമെന്ന് പ്രഖ്യാപിച്ചത് സഊദി പ്രവാസികൾക്ക് പ്രതീക്ഷയും ആശ്വാസവും നൽകുന്നതാണ്. അധികം വൈകാതെ ഇന്ത്യയിൽനിന്നും ഇതുപോലെ വിമാന സർവിസ് അനുവദിക്കുമെന്ന പ്രതീക്ഷയും പ്രവാസികൾ കൈവിടുന്നില്ല.

സഊദിയിലെ സ്‌കൂളുകളിൽ ആറാം ക്ലാസ് മുതലായിരിക്കും ആദ്യഘട്ടത്തിൽ തുറക്കുക. ഇതിന്റെ ഭാഗമായി 12 വയസ്സിന് മുകളിലുള്ള മുഴുവൻ വിദ്യാർഥികളോടും കൊവിഡ് വാക്സിൻ എടുക്കാൻ ആരോഗ്യ, വിദ്യാഭ്യാസ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്ത അധ്യയനവർഷം മുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാനും പൂർവനിലയിലേക്ക് തിരിച്ചുകൊണ്ടുവരാനും ഓഫ് ലൈൻ ക്ലാസ് ആരംഭിക്കാനുമുള്ള തീവ്രശ്രമത്തിലാണ് അധികൃതർ.


ഇതര രാജ്യങ്ങൾ വഴി എത്താൻ ഒരാൾക്ക് ചുരുങ്ങിയത് ഒന്നര ലക്ഷം രൂപയിലധികം ചെലവ് വരും. നാട്ടിൽ കുടുങ്ങിയ പ്രവാസികളുടെ ഇഖാമ ആഗസ്റ്റ് 31 വരെ പുതുക്കി നൽകുമെന്ന് ഭരണകൂടം പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയിൽ ഡെല്‍റ്റ വൈറസിന്റെ വ്യാപനവും മൂന്നാം തരംഗ ഭീഷണിയുമാണ് വിനയാകുന്നത്. ആഭ്യന്തരമായി കൊവിഡിനെ പൂര്‍ണമായി നിയന്ത്രിച്ചുകഴിഞ്ഞാലുടന്‍ വ്യോമ പാതകള്‍ തുറക്കുമെന്നാണ് സൂചന. ഇതിന് രണ്ടു മാസമെങ്കിലും കാത്തിരിക്കേണ്ടിവരുമെന്നും ട്രാവൽ മേഖകലയിലെ നിരീക്ഷകർ വിലയിരുത്തുന്നു.