സഊദിയിലേക്ക് ഇന്ത്യ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ നിന്നുള്ള അധ്യാപകർക്കും പ്രവേശനം

0
5728

റിയാദ്: സഊദിയിൽ പുതിയ അധ്യയന വർഷത്തോടെ സ്കൂളുകൾ തുറക്കാനുള്ള മന്ത്രാലയ തീരുമാനത്തിന്റ അടിസ്ഥാനത്തിൽ വിദേശ രാജ്യങ്ങളിലെ അധ്യാപകർക്കും നേരിട്ട് പ്രവേശനം നൽകിത്തുടങ്ങി. പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നതിന്റെ ഭാഗമായാണ് നാട്ടില്‍ കുടുങ്ങിയ വിദേശ അധ്യാപകര്‍ക്ക് സഊദിയിലേക്ക് തിരിച്ചെത്താന്‍ അനുമതി നൽകിയത്.

പുതിയ തീരുമാനപ്രകാരം വിദേശ അധ്യാപകര്‍ രാജ്യത്ത് എത്തിത്തുടങ്ങിയതായാണ് റിപ്പോർട്ടുകൾ. ഇന്ത്യയടക്കം യാത്രാവിലക്ക് നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ നിന്നുള്ളവർക്ക് നേരിട്ട് വരാനായി അതത് സ്കൂളുകള്‍ വഴി ഇതിനായി പ്രത്യേക അനുമതി തേടണം. സ്വകാര്യ, ഇന്റര്‍നാഷനല്‍ സ്കൂളുകളിലെ അധ്യാപകര്‍ക്കും ഈ ഇളവ് ലഭ്യമാണ്. ഇതുസംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രാലയത്തില്‍നിന്നുള്ള സര്‍ക്കുലര്‍ സ്കൂളുകള്‍ക്ക് ലഭിച്ചിട്ടുണ്ട്. അനുമതി ലഭിക്കുന്നവർക്ക് മാത്രമേ ഇത്തരത്തിൽ പ്രവേശനം സാധ്യമാകൂ. അടുത്ത അധ്യയന വർഷത്തിൽ സ്കൂളുകൾ ആരംഭിക്കുന്നതിന്റെ ഭാഗമായി വിദ്യാർഥികൾക്കുള്ള പ്രത്യേക വാക്സിനേഷൻ കാംപയിൻ ത്വരിത ഗതിയിൽ നടന്നു വരികയാണ്.

ഇവർക്ക് യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂറിനകമുള്ള പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്. കൂടാതെ, സഊദി പ്രവേശനത്തിനുള്ള അറൈവൽ രജിസ്ട്രേഷൻ മുഖീമിൽ പൂർത്തീകരിക്കുകയും വേണം. നേരത്തെ, ആരോഗ്യപ്രവര്‍ത്തകര്‍, നയതന്ത്ര ജീവനക്കാര്‍ എന്നിവര്‍ക്ക് മാത്രമായിരുന്നു നേരിട്ട് പ്രവേശന അനുമതി ഉണ്ടായിരുന്നത്. ഈ ഗണത്തിലേക്കാണ് സ്വകാര്യ, ഇന്റര്‍നാഷനല്‍ സ്കൂളുകളിലെ അധ്യാപകരെയും ഉൾപ്പെടുത്തിയത്.