റിയാദ്: സഊദിയിൽ രണ്ടു വ്യത്യസ്ത കൊലപാതക്കേസുകളിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കി. അസീർ പ്രവിശ്യയിലും മക്ക പ്രവിശ്യയിലുമാണ് ഇന്ന് രണ്ടു പേരുടെ വധശിക്ഷ നടപ്പാക്കിയത്. രണ്ടു കേസുകളിലും സ്വദേശി യുവാക്കളെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിലാണ് പ്രതികളെ വധശിക്ഷക്ക് വിധേയനാക്കിയത്. രണ്ടു കേസുകളിലെയും പ്രതികളും യമനി പൗരന്മാരാണ്.
ഖമീസ് മുശൈതിൽ സ്വദേശി പൗരനായ അലി ബിൻ സുവൈ ബിൻ ദാഫിർ അൽ ഖഹ്താനിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ യമനി പൗരൻ നബീൽ ഹുസ്സൈൻ യഹ്‌യ അൽ ഫഖീഹ് എന്നയാളെയാണ് വധശിക്ഷക്ക് വിധേയനാക്കിയത്. വധശിക്ഷ വിധിച്ച കോടതി കൊല്ലപ്പെട്ടയാളുടെ മക്കൾക്ക് പ്രായപൂർത്തിയായി പിതാവിന്റെ ഘാതകന് വധശിക്ഷ നടപ്പാക്കുന്നതിൽ അവരുടെ അഭിപ്രായം കൂടി അറിയുന്നതു വരെ ശിക്ഷ നടപ്പാക്കുന്നത് നീട്ടിവെക്കാൻ ഉത്തരവിട്ടിരുന്നു.
പ്രായപൂർത്തിയായ മക്കളും പിതാവിന്റെ ഘാതകന് വധശിക്ഷ നടപ്പാക്കണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയും ഇത് കോടതിയെ അറിയിക്കുകയും ചെയ്തതോടെയാണ് വധശിക്ഷ നടപ്പാക്കിയത്.
രണ്ടാമത്തെ വധശിക്ഷ നടപ്പാക്കിയത് മക്ക പ്രവിശ്യയിലാണ്. സഊദി പൗരനായ യഹ്‌യ ബിൻ യഹ്‌യ ബിൻ അബ്ദുല്ലാഹ് അൽ നജ്‌റാനിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി യമനി പൗരനായ അഹ്മദ് മുഹമ്മദ് അവാർഡ് അൽ അലീമിയെയാണ് വധശിക്ഷക്ക് വിധേയനാക്കിയത്.
രണ്ടു കേസുകളിലും പ്രതികളെ അറസ്റ്റ് ചെയ്യുകയും കൊലപാതകം തെളിവ് സഹിതം കോടതിയിൽ ബോധ്യപ്പെടുകയും ചെയ്യുകയും പ്രതികൾ കുറ്റം സമ്മതിക്കുകയും ചെയ്‌തതിനെ തുടർന്നാണ് വധശിക്ഷ വിധിച്ചത്. ക്രിമിനൽ കോടതി വിധി അപ്പീൽ കോടതിയും സുപ്രീം കോടതിയും അംഗീകരിക്കുകയും ഭരണാധികാരിയുടെ അനുമതി ലഭിക്കുകയും ചെയ്‌തതോടെയാണ് വധശിക്ഷ നടപ്പാക്കിയത്.