അബുദാബി: ഇന്ത്യയിൽ നിന്ന് പ്രവാസികൾക്ക് മടങ്ങിവരാമെന്ന് വ്യക്തമാക്കിയതിന് പിന്നാലെ യുഎഇയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കിൽ വർദ്ധനവ് വരുത്തി വിമാന കമ്പനികൾ. ഒറ്റ ദിവസം കൊണ്ട് തന്നെ ഇരട്ടിയിലധികമാണ് ടിക്കറ്റ് നിരക്കിൽ വർദ്ധനവ് ഉണ്ടായിരിക്കുന്നത്. ആയിരക്കണക്കിന് പ്രവാസികൾ യുഎഇയിലേക്ക് പോകാനായി ഒരുങ്ങി നിൽക്കുന്നതിനാൽ നിലവിലെ വർധിച്ച ഡിമാന്റ് സാഹചര്യത്തെ തുടർന്നാണ് വിമാന കമ്പനികൾ ടിക്കറ്റ് നിരക്കിൽ വൻ വർദ്ധനവ് വരുത്തിയിരിക്കുന്നത്. നാട്ടിൽപെട്ടുകിടക്കുന്നവർ എത്ര തുക നൽകിയും യാത്ര ചെയ്യാൻ തയാറാകുന്ന സാഹചര്യം മുതലെടുത്താണ് എയർലൈനുകൾ നിരക്ക് കുത്തനെ കൂട്ടിയത്.
ചൊവ്വാഴ്ച രാവിലെ 750 ദിർഹം (15,000 രൂപ) ആയിരുന്ന ടിക്കറ്റ് വൈകുന്നേരത്തോടെ 2000 ദിർഹമാ (40,000 രൂപ) യാണ് ഉയർന്നത് ഉയർന്നു. ആഗസ്റ്റ് അഞ്ചു മുതൽ തന്നെ പ്രവേശനം അനുവദിച്ചിട്ടുണ്ടെങ്കിലും ആഗസ്റ്റ് ഏഴ് മുതലാണ് പല വിമാനക്കമ്പനികളും ടിക്കറ്റ് ബുക്ക് ചെയ്യുന്നത്. അതേസമയം, ടിക്കറ്റുകളിൽ പലതിനും അപ്രൂവൽ ലഭിച്ചിട്ടില്ലെന്നാണ് ട്രാവൽസ് ഏജൻസികൾ അറിയിക്കുന്നത്.
നിലവിൽ ഖത്തർ, അർമേനിയ, ഉസ്ബകിസ്താൻ വഴി ഒന്നേകാൽ ലക്ഷം മുതൽ പണം മുടക്കിയാണ് പലരും വരുന്നത്. ലക്ഷക്കണക്കിനാളുകളാണ് യുഎഇയിലേക്ക് വരാനായി കാത്തിരിക്കുന്നത്. സാഹചര്യം മുതലെടുക്കാൻ തന്നെയാണ് വിമാന കമ്പനികളുടെ തീരുമാനം. അതേസമയം, യു.എ.ഇ അധികൃതർ അനുമതി നൽകിയതിനാൽ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലെ യാത്രക്കാർക്ക് യാത്ര ചെയ്യാൻ അനുമതി നൽകുമെന്ന് എമിറേറ്റ്സ് എയർലൈൻ അറിയിച്ചിട്ടുണ്ട്. .
ഇന്ത്യ, പാകിസ്താൻ, നേപാൾ, ശ്രീലങ്ക, ഉഗാണ്ട, നൈജീരിയ എന്നീ രാജ്യങ്ങളിലെ യാത്രികർക്കാണ് അനുമതി. കൂടാതെ, അഫ്ഗാനിസ്താൻ, ബംഗ്ലാദേശ്, ഇന്തോനേഷ്യ, ദക്ഷിണാഫ്രിക്ക, വിയറ്റ്നാം, സാംബിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ട്രാൻസിസ്റ്റ് വിസക്കാർക്കും യാത്ര ചെയ്യാം.




