സഊദിയിൽ പള്ളികളിൽ നിർബന്ധിത നിസ്കാരങ്ങൾക്ക് ശേഷം മയ്യത് നിസ്കാരങ്ങൾക്ക് അനുമതി

0
1256

റിയാദ്: രാജ്യത്ത് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നിർത്തിവെച്ച പള്ളികളിലെ നിർബന്ധിത പ്രാർഥനകൾക്ക് ശേഷമുള്ള മയ്യത്ത് നിസ്കാരങ്ങൾ പുനഃരാരംഭിക്കാൻ മന്ത്രാലയം അനുമതി നൽകി. അഞ്ചു നേരത്തെ നിർബന്ധിത നിസ്കാരങ്ങൾക്ക് ശേഷം ഉടൻ തന്നെ പള്ളികളിൽ മയ്യിത്ത് നമസ്കാരം പുനസ്ഥാപിക്കാൻ അനുവാദമുണ്ടെന്ന് ഇസ്‌ലാമിക് അഫയേഴ്സ്, കോൾ ആൻഡ് ഗൈഡൻസ് മന്ത്രാലയം അറിയിച്ചു.

എല്ലാ പ്രതിരോധ മുൻകരുതലുകളും പാലിച്ചായിരിക്കണമെന്ന നിർദേശത്തോടെയാണ് കൊറോണ മഹാമാരിക്ക് മുമ്പുണ്ടായിരുന്നതിന് അനുസൃതമായി മയ്യത്ത് നിസ്കാര പ്രാർത്ഥനകൾ നടത്തുന്നതിനുള്ള അനുമതി നൽകിയത്.

മുൻകരുതൽ നടപടികളുടെ ഭാഗമായി പള്ളികളിൽ വെച്ചുള്ള മയ്യത്ത് നിസ്കാരങ്ങൾ പാടെ ഒഴിവാക്കിയിരുന്നു. പിന്നീട് പള്ളികളിൽ വെച്ച് മയ്യത് നിസ്കാരത്തിനു അനുമതി നൽകിയിരുന്നുവെങ്കിലും നിർബന്ധിത പ്രാർത്ഥനയുടെ സമയത്തൊഴികെ ആയിരിക്കണമെന്ന് ഇസ്‌ലാമിക കാര്യ മന്ത്രാലയം മുമ്പ് നിർദ്ദേശിച്ചിരുന്നു. കൊറോണ വൈറസിന്റെ വ്യാപനം പരിമിതപ്പെടുത്താനുള്ള നടപടികകളുടെ ഭാഗമായിരുന്നു തീരുമാനം.